ഉ​ദ്ഘാ​ട​ക​നെ കാ​ത്തു കി​ട​ക്കു​ന്ന ചാ​ത്ത​നാ​ട് -വ​ലി​യ ക​ട​മ​ക്കു​ടി പാ​ലം

ചാത്തനാട് - വലിയ കടമക്കുടി പാലം ഉദ്ഘാടനം വൈകുന്നു

പറവൂർ: പറവൂരിൽ നിന്ന് കൊച്ചിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന പ്രധാന മാർഗമായ ചാത്തനാട് -വലിയ കടമക്കുടി പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർത്തിയായിട്ടും പാലം ഇതുവരെ ഗതാഗതത്തിനനായി തുറന്നിട്ടില്ല. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയുടെ സമയം കാത്തിരിക്കുന്നതാണ് വൈകാൻ കാരണം. ആഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തുമെന്ന അറിയി പ്പുണ്ടായിരുന്നെങ്കിലും ഭാരപരിശോധന നടത്താതെയും തുരുമ്പിച്ച കമ്പികൾ മാറ്റാതെയും ഉദ്ഘാടനം നടത്താനുള്ള ഗ്രേറ്റർ കൊച്ചി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (ജി.സി.ഡി.എ) നീക്കം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. പാലത്തിന്‍റെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം നീട്ടിയത്.

ഏഴ് വർഷത്തോളം നിലച്ച പാലം നിർമാണം പുനരാരംഭിച്ചപ്പോൾ പില്ലറുകളിൽ പുറത്തേക്ക് നീണ്ടു നിന്നിരുന്ന കമ്പികൾ തുരുമ്പെടുത്തതിനാൽ ബലക്കുറവ് കണ്ടെത്തിയിരുന്നു. തുടർന്ന്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കെ.എച്ച്.ആർ.ഐയുടെ സാങ്കേതിക സഹായത്തോടെ കമ്പികൾ മാറ്റി വെൽഡ് ചെയ്‌ത്‌ നിർമാണം പൂർത്തിയാക്കാനും ഭാരപരിശോധന നടത്താനും നിർദേശിച്ചു. 2024 ഫെബ്രുവരിയിൽ പരിശോധനക്കായി 7.23 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടത്താതെ തന്നെ നിർമാണം പൂർത്തിയായതായി ജി.സി.ഡി.എ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെന്നാണ് പരാതി. ജിഡയുടെ വീഴ്ച്‌കൾ മറച്ചുവെച്ച് വൈപ്പിൻ എം.എൽ.എയെ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സ്വാധീനിച്ചുവെന്നും ആരോപിക്കുന്നു.

മുഖ്യമന്ത്രി ചെയർമാനായ ജി.സി.ഡി.എ 2013ലാണ് പറവൂർ വലിയ കടമക്കുടി പാലം ഉൾപ്പെടെ മുന്ന് പാലങ്ങളുടെ 20 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തത്. 2013 ഡിസംബർ 25ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനം നിർവഹിച്ചു. 2015ൽ പാലം പൂർത്തിയായെങ്കിലും, അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി.

എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടും ഉദ്ഘാടനം അനിശ്ചിതത്വത്തിൽ തുടരുന്നത് ദ്വീപ് നിവാസികളെ നിരാശരാക്കുകയാണ്. ഔദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും, മാസങ്ങളായി ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. 

Tags:    
News Summary - Inauguration of Chathanad - Valiya Kadamakudy Bridge delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.