കൊച്ചി: സൂപ്പർ ലീഗ് സീസണിലെ അഞ്ച് മത്സരങ്ങളിലും പരാജയത്തിന്‍റെ കയ്പുനീർ കുടിച്ച ഫോഴ്സ കൊച്ചിക്ക് കൂനിൻമേൽകുരു പോലെ പരിക്കുകളുടെ കളി. ടീമിന്‍റെ ക്യാപ്റ്റനും വിദേശതാരങ്ങളുമുൾപ്പെടെ എട്ടുപേർക്കാണ് ചെറുതും വലുതുമായ പരിക്കുള്ളത്. ഇവരിൽ രണ്ട് സ്പാനിഷ് താരങ്ങൾ ശസ്ത്രക്രിയക്കായി സ്പെയിനിലേക്ക് തിരിച്ചു. ഇവരുൾപ്പെടെ അഞ്ചുപേർക്ക് ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ കളിക്കാനാവില്ല.

കൂടാതെ കഴിഞ്ഞ കളിയിൽ റെഡ് കാർഡ് കിട്ടി പുറത്തായ ഗിഫ്റ്റി ഗ്രേഷ്യസും പുറത്തിരിക്കേണ്ടിവരും. ഇതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് ടീം. മറികടക്കാനായി പുതിയ താരങ്ങളെ ടീമിലെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മാനേജ്മെന്‍റ്. ഇതിന്‍റെ ഭാഗമായി അണ്ടർ-23 താരം അബിത്തിനെ ടീമിലെടുത്തു. രണ്ട് സ്പാനിഷ് താരങ്ങളെയും മറ്റൊരു ഇന്ത്യൻ താരത്തെയുമുൾപ്പെടെ ഞായറാഴ്ചത്തെ കളിക്കുമുമ്പ് എടുക്കാനുള്ള ശ്രമത്തിലാണ് ടീം.

ടീം നായകനായ റാചിദ് ഐത് അത്മാനേ, സന്തോഷ് ട്രോഫി നായകനായിരുന്ന ഫോഴ്സയുടെ സ്റ്റാർ സ്ട്രൈക്കർ നിജോ ഗിൽബർട്ട്, ബ്രസീലിയൻ സ്ട്രൈക്കർ ഡഗ്ലസ് ടാർഡിൻ, സ്പാനിഷ് താരങ്ങളായ ഐകർ ഹെർണാണ്ടസ്, റാമോൺ ഗാർഷ്യ, പി. ജിഷ്ണു, പ്രതിരോധ നിരയിലെ റിജോൺ ജോസ്, മിഡ്ഫീൽഡർ മുഹമ്മദ് മുഷറഫ് തുടങ്ങിയവരാണ് പരിക്കിന്‍റെ പിടിയിലുള്ളത്.

ഐകറും റാമോണും സ്പെയിനിലേക്ക് തിരിച്ചുപോവുകയും ജിഷ്ണുവിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം നടത്തുകയും ചെയ്തു. ഇവരും നിജോ, ഡഗ്ലസ് എന്നിവരും അടുത്ത കളിയിലുണ്ടാവില്ല. ഐകറിനും റാമോണിനും നാലാംകളിയിൽ തന്നെ പരിക്കേറ്റിരുന്നു.

റാചിദ് ഉൾപ്പെടെ ചില താരങ്ങൾ അടുത്ത കളിക്കുമുമ്പ് ഏറക്കുറെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. പരിക്കിന്‍റെ ബെഞ്ചിലുള്ള അണ്ടർ-23 താരങ്ങളായ മുഷറഫിനും ജിഷ്ണുവിനും പകരം ഉ‍ടൻ പുതിയ സൈനിങ് നടത്തുന്നതിന്‍റെ ‍ഭാഗമായാണ് അബിത്തിനെ ടീമിലെടുത്തത്. കുറഞ്ഞ കാലത്തേക്ക് പുതിയ കളിക്കാരെ പെട്ടെന്ന് കിട്ടാനുള്ള ബുദ്ധിമുട്ടാണ് പുതിയ സൈനിങ് വൈകിപ്പിക്കുന്നത്. കളിക്കാരെ മാറ്റിയാൽപോലും പുതിയ താരങ്ങളെത്തി ടീമുമായും ഗ്രൗണ്ടുമായും ഇണങ്ങിവരാനും സമയമെടുക്കും.

എങ്കിലും ആത്മവിശ്വാസം കൈവിടാതെ പ്രതിസന്ധികളെ മികവുകളാക്കി മാറ്റാനുള്ള കഠിനപ്രയത്നത്തിലാണ് ടീം. നിലവിൽ അഞ്ച് കളികളിലും തോറ്റ് പോയന്‍റ് ഒന്നുമില്ലാതെ അവസാനക്കാരായ ഫോഴ്സയുടെ പ്രകടനത്തിൽ പരിക്കിന്‍റെ തിരിച്ചടികളും പുതിയ താരങ്ങളുടെ വരവും എങ്ങനെ പ്രതിഫലിക്കുമെന്നാണ് കണ്ടറിയേണ്ടത്. 

Tags:    
News Summary - Forza Kochi members were injured during the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.