മട്ടാഞ്ചേരി: അമൃത് പദ്ധതി പ്രകാരം പൊതുടാപ്പുകൾ മാറ്റി വീടുകളിലേക്ക് വെള്ള കണക്ഷൻ ഏർപ്പെടുത്തിയയോടെ തൊണ്ടനനക്കാൻപോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലായി നാട്ടുകാർ. എന്നാൽ, വെള്ളക്കരം അടക്കാനുള്ള ബില്ലുകൾക്ക് കുറവുമില്ല. മട്ടാഞ്ചേരി കൊച്ചങ്ങാടി കൊട്ടാരം വഴി മേഖലയിൽ താമസിക്കുന്ന മുപ്പതോളം വീട്ടുകാരാണ് ദാഹമകറ്റാൻ പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലായത്.
എന്നാൽ ഉപയോ ഗിക്കാത്ത വെള്ളത്തിന് കൃത്യമായി ബില്ലടക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് കുടുംബങ്ങൾ പറയുന്നത്. കിട്ടാത്ത വെള്ളത്തിന് കരം അടക്കാത്ത ചില കുടുംബങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. വെള്ളം ലഭിക്കാത്ത കാര്യം പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു.
ഇതോടെയാണ് പ്രദേശവാസികൾ ഗാർഹിക തൊഴിലാളി യൂനിയൻ കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷമീർ വളവത്തിന്റെ നേതൃത്വത്തിൽ കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിൽ കാലിക്കുടങ്ങളും ബക്കറ്റുകളും വെള്ളക്കര ബില്ലുകളുമായി വീട്ടമ്മമാർ എത്തുകയും അസി. എൻജിനീയറെ ഉപരോധിക്കുകയും ചെയ്തത്.
അര മണിക്കൂറോളം സമരക്കാർ എൻജിനീയറെ ഉപരോധിച്ചു. തുടർന്ന് അടുത്ത ദിവസം തന്നെ നേരിട്ടെത്തി പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരക്കാർ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞത്. കവിത ഹരികുമാർ, ഷീജ സുധീർ, ലൈല കബീർ, സുനിത ഷമീർ, ജാസ്മിൻ കൊച്ചങ്ങാടി, ജയന്തി പ്രേമനാഥ്, പുഷ്പ റോഷൻ, ജാസ്മി പനയപ്പിള്ളി, നസ്രിൻ, ശബന നൗഷാദ്, എൻ.എം ഷക്കീല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.