കൊച്ചി: ആലുവയിൽനിന്ന് പാലാരിവട്ടം വഴി കതൃക്കടവ് വരെ നീളുന്ന പൈപ്ലൈൻ റോഡിൽ കൈയേറ്റങ്ങൾ നിരവധി. ആലുവ ജലശുദ്ധീകരണ ശാലയിൽ നിന്നാരംഭിക്കുന്ന റോഡിലെ ഇടപ്പള്ളി തോട് വരെയുള്ള 12.3 കിലോമീറ്റർ ദൂരപരിധിയിൽ മാത്രം 93 ഇടങ്ങളിലാണ് കൈയേറ്റമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ജലഅതോറിറ്റി അസി. എക്സി. എൻജിനീയറുടെ (ആലുവ പി.എച്ച് സബ് ഡിവിഷൻ) കാര്യാലയത്തിനു കീഴിലുള്ള റോഡിന്റെ പരിധിയിലാണ് ഇത്രയും കൈയേറ്റം ഉണ്ടായത്. അവശേഷിക്കുന്ന ആറു കിലോമീറ്ററോളം ദൂരത്തിലും കൈയേറ്റങ്ങളുണ്ടാവാമെങ്കിലും രേഖകൾ ലഭ്യമല്ല. കൈയേറ്റം ഒഴിവാക്കാനുള്ള പ്രായോഗിക നടപടികളും നടന്നിട്ടില്ല. പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുകയും തടയുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജലഅതോറിറ്റി വ്യക്തമാക്കുന്നു.
എന്നാൽ, കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥരും നഗരസഭ ഉദ്യോഗസ്ഥരും പൊലീസ് സംരക്ഷണത്തോടെ ചെന്നാലും പരിസരവാസികളുടെ പ്രക്ഷോഭത്തെ തുടർന്ന് പിന്തിരിയുന്ന അവസ്ഥയാണെന്നും വിവരാവകാശ രേഖയിൽ ചൂണ്ടിക്കാണിക്കുന്നു. പൈപ്പ് ലൈൻ റോഡിൽ ആലുവ ഓഫിസിനു കീഴിൽ ഏഴിടങ്ങളിലായി ക്രോസ്ബാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.