എ.ഐ ചിത്രീകരണം
കൊച്ചി: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽനിന്ന് മെട്രോ സ്റ്റേഷനിലേക്ക് എലിവേറ്റഡ് പാത നിർമിക്കാനുള്ള പദ്ധതിക്ക് അന്തിമ അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ. ഇതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ മെട്രോയുമായി ബന്ധിപ്പിക്കാൻ മൂന്ന് കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയുടെ വിശദാംശങ്ങൾ കൊച്ചി മെട്രോയുടെ സാങ്കേതിക മികവിലാണ് തയാറാക്കിയത്.
ഇത് വൈകാതെ ദക്ഷിണ റെയിൽവേക്ക് സമർപ്പിക്കും. റെയിൽവേ അനുമതി നൽകുന്നതോടെ പദ്ധതി യാഥാർഥ്യമാകും. ഇക്കാര്യത്തിൽ മെട്രോ, റെയിൽവേ എന്നിവയെ യോജിപ്പിച്ചുള്ള പ്രവർത്തനങ്ങളിൽ കാലതാമസം ഒഴിവാക്കാൻ ഇടപെടൽ നടത്തിവരുന്നതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.
ഇടുക്കി ജില്ലയിൽനിന്ന് മൂവാറ്റുപുഴ, കോലഞ്ചേരി, പിറവം, തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തൃപ്പൂണിത്തുറയാണ്.
റെയിൽവേക്ക് ഉയർന്ന വരുമാനം നേടിക്കൊടുക്കുന്നതിലും തൃപ്പൂണിത്തുറ മുന്നിലാണ്. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുവെങ്കിലും നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പരിഗണന തൃപ്പൂണിത്തുറക്ക് ആവശ്യമാണ്.
എറണാകുളം ടൗൺ (നോർത്ത്), എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനുകൾക്ക് പുറമെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെയും സമീപത്തെ കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാൻ സ്കൈവാക്കുകൾ, ലിങ്ക് പാലങ്ങൾ നിർമിക്കുന്നത് പരിഗണിക്കണമെന്നും ഇത് സംയോജിത നഗര ഗതാഗതത്തിന് മാതൃകയാകുമെന്നും ഹൈബി ഈഡൻ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്നാണ് മെട്രോയും ദക്ഷിണ റെയിൽവേയും ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കൊച്ചി മെട്രോയാകും റെയിൽവേക്ക് സാങ്കേതിക സഹായം ലഭ്യമാക്കുക. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനായ തൃപ്പൂണിത്തുറയെ തൊട്ടടുത്തുള്ള കൊച്ചി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് സ്കൈവാക്ക് /ലിങ്ക് പാലം നിർമിക്കാനും,
റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അനുമതികൾ കാലതാമസം കൂടാതെ നൽകണമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ദിവ്യകാന്ത് ചന്ദ്രശേഖറിനോടും എം.പി ആവശ്യപ്പെട്ടിരുന്നു. മെട്രോ റെയിൽ തയാറാക്കുന്ന പ്രോജക്ട് ഉടൻ റെയിൽവേക്ക് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിരേഖ ലഭിക്കുന്ന മുറയ്ക്ക് അംഗീകാരം നൽകുമെന്നുമാണ് ഡിവിഷനൽ മാനേജർ മറുപടി നൽകിയത്.
ദീർഘദൂര ട്രെയിനുകൾക്ക് ഉൾപ്പെടെ സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ റെയിൽവേ തൃപ്പൂണിത്തുറയെ അവഗണിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം.പി. മംഗലാപുരം-നാഗർകോവിൽ, കന്യാകുമാരി-പൂനെ എന്നീ ട്രെയിനുകൾക്ക് തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിക്കണം.
ഇവക്ക് രണ്ടിനും ഒരു വശത്തേക്കുള്ള യാത്രയിൽ തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്. സ്റ്റേഷൻ പരിസരത്ത്, പൊതുജനങ്ങൾ വഴിയായി ഉപയോഗിക്കുന്ന ഇടം മുന്നറിയിപ്പില്ലാതെ അടച്ച നടപടി പുനഃപരിശോധിക്കാമെന്ന് ഡി.ആർ.എം ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.