ആലുവ: വെർച്വൽ അറസ്റ്റ് ഭയന്ന് ഫോണുമായി സൈബർ സ്റ്റേഷനിലെത്തിയ യുവാവിന്റെ മുമ്പിൽ വച്ചു തന്നെ പൊലീസ് ടീം തട്ടിപ്പ് പൊളിച്ചടക്കി. ആലുവ സ്വദേശിയായ യുവാവിനാണ് തട്ടിപ്പ് സംഘത്തിന്റെ കോൾ എത്തിയത്. യുവാവിന്റെ ആധാർ കാർഡ് ഉപയോഗിച്ച് രണ്ട് വെബ് സൈറ്റ് തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് കോൾ തുടങ്ങിയത്.
ഈ സൈറ്റ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് ഉൾപ്പെടുയുള്ള അനധികൃത ഇടപാടിന് കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ വീഡിയോ കോളിൽ വരണമെന്നും ആധാർ, അക്കൗണ്ട്, പാൻ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. പറ്റില്ലെങ്കിൽ അടുത്തുള്ള സ്റ്റേഷനിൽ ഹാജരാവുക, അവർ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ എത്തിച്ചു കൊള്ളുമെന്നും ഭീഷണിപ്പെടുത്തി.
യുവാവ് ഫോൺ കട്ട് ചെയ്യാതെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്ക് കൈമാറി. ആദ്യം യുവാവാണെന്ന രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ സംസാരിച്ചു. സംഘം ഭീഷണി ആവർത്തിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്കുമുമ്പിൽ തട്ടിപ്പു സംഘം പതറി. അപകടം മണത്ത അവർ ഫോൺ കട്ട് ചെയ്ത് തടി തപ്പി. തിരിച്ച് ഓഡിയോ-വീഡിയോ കോളുകൾ ചെയ്തെങ്കിലും സ്വിച്ച് ഓഫ് ചെയ്ത ഫോൺ ഇതുവരെ ഓൺ ആയിട്ടില്ല. വെർച്വൽ അറസ്റ്റ് എന്ന ഒരു സംഭവം ഇല്ലെന്ന് പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് യുവാവിനെ പറഞ്ഞ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.