കൊച്ചി: ചെല്ലാനം തീരത്ത് 306 കോടി രൂപ ചെലവിൽ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാംഘട്ട പദ്ധതിക്ക് അനുമതിയായി. നേരത്തെ വിഭാവനം ചെയ്തപോലെ കടൽഭിത്തി പൂർത്തിയാക്കുന്നതിന് അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമിക്കും.
തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ പദ്ധതിയായി തന്നെ നിർമാണം പൂർത്തിയാക്കും. പുതുക്കിയ ഭരണാനുമതി ഈയാഴ്ച നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഇപ്പോഴത്തെ നിർമാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി നൂറ് കോടിയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രണ്ടാംഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, മന്ത്രി റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, കെ.ജെ. മാക്സി എം.എൽ.എ, ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി അഡീഷനൽ സി.ഇ.ഒ മിനി ആന്റണി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീരസംരക്ഷണം കൂടി ഉറപ്പാക്കാൻ ചെല്ലാനം തീരത്ത് പൂർണമായും ടെട്രാപോഡ് കടൽഭിത്തി നിർമിക്കാൻ പ്രത്യേക പരിഗണനയോടെയാണ് രണ്ടാംഘട്ടത്തിന് അനുമതി നൽകുന്നത്. 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. 347 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്.
10 കി.മീറ്റർ ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിർമാണച്ചെലവിൽ വന്ന വ്യത്യാസവും ഐ.ഐ.ടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റർ ദൂരം കടൽ ഭിത്തി നിർമാണം പൂർത്തിയാക്കുകയാണ് ചെയ്തത്. ആദ്യ പദ്ധതി പ്രകാരം ഇനി കടൽഭിത്തി നിർമിക്കാൻ ശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂർത്തിയാക്കുന്നതിന് അതിവേഗം തുടർനടപടി സ്വീകരിക്കും.
ഇതിനായി 306 കോടിയുടെ ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോർട്ട് ഉള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടൻ ലഭ്യമാക്കും. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.