വേണം, മിന്നൽ ജാഗ്രത
കൊച്ചി: കഴിഞ്ഞ ദിവസമാണ് ബി.ഒ.ടി പാലത്തിന് സമീപത്ത് നിന്ന് ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ശക്തമായ മിന്നലിൽ പരിക്കേറ്റത്. മഴയത്ത് മിന്നലേറ്റ് കോണത്ത് പുഴയിൽ വള്ളത്തിൽ നിന്ന് വീണ് റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ മരിച്ച സംഭവവും ഏതാനും ആഴ്ചകൾക്കുള്ളിലാണുണ്ടായത്. ജൂൺ ഒന്നിന് രാവിലെയുണ്ടായ മിന്നലിൽ പറവൂർ വഴിക്കുളങ്ങരയിൽ സ്ത്രീക്ക് പൊള്ളലേറ്റ സംഭവവുമുണ്ടായി.
സമാന സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുവാവ് മിന്നലേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ ഇടിമിന്നൽ മൂലം നാശനഷ്ടങ്ങളുണ്ടായി. രാവിലെയും രാത്രിയിലുമൊക്കെ മഴക്കൊപ്പം മിന്നലുണ്ടാകുന്നുണ്ട്. കരുതലും ശ്രദ്ധയുമില്ലെങ്കിൽ മിന്നൽ വലിയ അപകടത്തിന് കാരണമാകും. ജാഗ്രത നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിക്കുമ്പോൾ കരുതലോടെ പ്രവർത്തിക്കുകയാണ് ആവശ്യം. പൊതുജനങ്ങൾ കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലെടുക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.
ആഘാതം വലുതാകാം
ഇടിമിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച, കേൾവി എന്നിവ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമില്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാല് ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.
പൊതു നിർദേശങ്ങള്
- മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
- ജനലും വാതിലും അടച്ചിടുക
- മിന്നലുള്ള സമയത്ത് മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ മുറ്റത്തക്കോ പോകരുത്
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക
- മിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക
- മിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
- മിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്
- പട്ടം പറത്താൻ പാടില്ല
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുന്നത് ഗുണം ചെയ്യും
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം
- വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര് ഘടിപ്പിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.