കൊച്ചി: ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിലും ചുവപ്പുനാട തീരാതെ കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാത. ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിൽ വഴിത്തിരിവാകുന്ന കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാതയാണ് സർക്കാറിന്റെ അന്തിമ തീരുമാനത്തിന് കാക്കുന്നത്.
പാത നിർമാണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് കിഫ്ബി അംഗീകരിച്ച് സർക്കാറിന് കൈമാറി മാസങ്ങൾ പിന്നിടുമ്പോഴും തീരുമാനമെടുക്കാത്തതാണ് വിനയാകുന്നത്. ഇതോടെ റോഡ് സ്വപ്നമായി അവശേഷിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
സർക്കാർ തീരുമാനം കാത്ത് രൂപരേഖ
നാല് വരിപ്പാതയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എങ്കിലും അതിന്റെ പ്രാഥമിക നടപടിയാരംഭിച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ്. പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കി ഡി.പി.ആർ അടക്കം തയ്യാറാക്കിയത് അക്കാലത്താണ്. വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർന്ന് 2021ലെ ബജറ്റിൽ പാതയുടെ സർവേ അടക്കമുളള പ്രാരംഭ നടപടികൾക്കായി 40 കോടി അനുവദിച്ചു. തുടർന്ന് വിശദറിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ്, കിഫ്ബിക്ക് കൈമാറുകയായിരുന്നു. അന്തിമ തീരുമാനത്തിനായി ഇത് കഴിഞ്ഞ വർഷം സർക്കാറിന് സമർപ്പിച്ചു. സർവേ നടപടിക്കായി അനുവദിച്ച 40 കോടിയടക്കം 349 കോടിയുടെ എസ്റ്റിമേറ്റാണ് സർക്കാറിന് മുന്നിൽ അനുമതി കാക്കുന്നത്. കഴിഞ്ഞ ഓണത്തിന് മുന്നേ അനുമതി നൽകുമെന്നായിരുന്നു പ്രചാരണമെങ്കിലും ഉണ്ടായില്ല. 23 മീറ്റർ വീതിയിൽ 19.22 കിലോമീറ്റർ ദൂരമാണ് പാതയുടെ ഭാഗമായി പുനർനിർമിക്കുന്നത്.
വികസനഭാഗമായി റോഡിന് ഇരുവശത്തുമുളള പുറമ്പോക്ക് ഒഴികെയുളള സ്ഥലം ഏറ്റെടുക്കുന്നതിനും ഭൂമി നഷ്ടമാകുന്നവർക്ക് സർക്കാറിന്റെ ഏറ്റവും പുതുക്കിയ പാക്കേജിൽ നഷ്ടപരിഹാരം നൽകുന്നതിനുമായിരുന്നു തീരുമാനം. വാഴപ്പിള്ളി മുതൽ കിഴക്കമ്പലം വരെ ഭാഗത്താണ് ആദ്യഘട്ട വികസന പ്രവൃത്തികൾ നടക്കുക. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനമെടുക്കുന്നതിൽ നിന്ന് സർക്കാറിനെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
റോഡ് വികസനങ്ങളെല്ലാം പാതിവഴിയിൽ
കാർഷിക- ഗ്രാമീണ പ്രദേശങ്ങൾ നിറഞ്ഞ ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന റോഡ് വികസനപദ്ധതികളെല്ലാം പാതിവഴിയിലാണ്. തങ്കളം-കാക്കനാട് റോഡ്, മൂവാറ്റുപുഴ-കാക്കനാട് നാല് വരിപ്പാതയടക്കമുളളവ ഇതിൽ പെടുന്നു. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം അടക്കമുളള ഗ്രാമീണ മേഖലയുടെ വികസന മുന്നേറ്റത്തിന് വഴിതുറക്കുന്ന പദ്ധതികളായിരുന്നു ഇവ. സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്കും ജനപ്രതിനിധികളുടെ അലംഭാവവുമാണ് പദ്ധതികൾ പ്രതിസന്ധിയിലാകാൻ കാരണം. കിഴക്കൻ മേഖലകളിലുളളവർക്ക് ജില്ല ആസ്ഥാനത്തേക്കും എറണാകുളം നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്കും യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.