മട്ടാഞ്ചേരി: സംസ്ഥാനത്തെ തൊഴിലാളി സമര ചരിത്രങ്ങളിൽ തങ്ക ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മട്ടാഞ്ചേരി വെടിവെപ്പിന് വെള്ളിയാഴ്ച 70 വയസ്സ്.
കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന പ്രാകൃത തൊഴിൽ സമ്പ്രദായമായ ചാപ്പക്കെതിരെയുള്ള തൊഴിലാളികളുടെ പോരാട്ടവീര്യമാണ് ഒടുവിൽ വെടിവെപ്പിൽ കലാശിച്ചത്. കൊച്ചി തുറമുഖത്തെ കപ്പലുകളിൽ എത്തുന്ന ചരക്കുകൾ ഇറക്കാനുള്ള ഉത്തരവാദിത്തം സ്റ്റീവ് ഡോർമാർക്കായിരുന്നു. ഇവർക്ക് തൊഴിലാളികളെ കൊടുത്തിരുന്നത് മൂപ്പന്മാരെന്ന് വിളിക്കുന്ന കങ്കാണിമാരും. ഇവർ തൊഴിലാളികളെ കണ്ടെത്താൻ പ്രയോഗിച്ചിരുന്ന മാർഗമായിരുന്നു ചാപ്പയേറ്.
കങ്കാണിമാർ തൊഴിലാളികൾക്കിടയിലേക്ക് ചാപ്പ വലിച്ചെറിയും. ഈ ചാപ്പ കൈവശപ്പെടുത്തി ജോലിക്കുകയറാൻ തൊഴിലാളികൾ പരസ്പരം പോരടിക്കുന്ന കാഴ്ച ഏറെ ദയനീയമായിരുന്നു. ഈ പ്രാകൃത ചാപ്പ സമ്പ്രദായം അവസാനിപ്പിച്ച് പോർട്ട് ആൻഡ്ലേബർ വർക്കേഴ്സ് ആക്ട് നടപ്പാക്കണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. 1953 ജൂലൈ ഒന്നിന് കൊച്ചി തുറമുഖത്തെത്തിയ സാഗർ വീണ എന്ന കപ്പലിലെ ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ടാണ് തൊഴിലാളികളുടെ സമരം ആരംഭിക്കുന്നത്.
സമരം തുടങ്ങി 75ാം ദിവസമാണ് വെടിവെപ്പ് നടക്കുന്നത്. സമരത്തിന് നേതൃത്വം നൽകിയിരുന്ന ടി.എം അബുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തോക്കും ലാത്തിയുമായി എത്തിയ സായുധ സേന അക്രമം അഴിച്ചുവിട്ടു. പൊലീസ് വെടി ഉതിർത്തതോടെ തൊഴിലാളികൾ കൈയിൽ കിട്ടിയതെല്ലാം കൊണ്ട് പൊലീസിനെ നേരിട്ടു. തോക്കുകൾ തീ തുപ്പിയത് ഒരുനേരത്തെ അന്നത്തിനായി പോരടിച്ചുകൊണ്ടിരുന്ന തൊഴിലാളികൾക്ക് നേരെയായിരുന്നു.
വെടിവെപ്പിൽ സെയ്ത്, സെയ്താലി എന്നീ തൊഴിലാളികൾ മരിച്ചു വീണു. മറ്റൊരു തൊഴിലാളിയായ ആന്റണി പൊലീസിന്റെ ക്രൂര മർദനത്തിനിരയായി പിന്നീട് മരണത്തിന് കീഴടങ്ങി.
നൂറോളം ജീവിക്കുന്ന രക്തസാക്ഷികളെ സൃഷ്ടിച്ച ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം കൂടിയാണ് മട്ടാഞ്ചേരി വെടിവെപ്പ്.
തൊഴിലാളികളുടെ ചോരവീണ് മട്ടാഞ്ചേരിയുടെ മണ്ണ് ചുവന്ന ആ ദിനം എന്നും തൊഴിലാളികളുടെ ഓർമയിൽ മങ്ങാതെ മറയാതെ നിലനിൽക്കുകയാണ്.
70ആം വാർഷിക ഭാഗമായി സി.പി.എം, സി.പി.ഐ, സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും. ഇ.എം.എസ് പഠനകേന്ദ്രം നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.