കൊച്ചി: വ്യാഴാഴ്ച രണ്ട് കോർപറേഷൻ ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണസമിതിക്കെതിരെ അഴിമതി ആക്ഷേപം ഉന്നയിച്ച് പ്രതിപക്ഷ കൗൺസിലർമാർ. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ചാൽ പഴയ കാര്യങ്ങൾ പറയേണ്ടിവരുമെന്ന് മേയർ എം. അനിൽകുമാറിന്റെ മറുപടി.
ഉദ്യോഗസ്ഥർക്ക് റേറ്റ് നിശ്ചയിച്ച് പണം പിരിച്ചതും വീതംവെച്ചെടുത്തതും ആരാണെന്നും ആരുടെ കാലത്താണെന്നും മേയർ ചോദിച്ചു. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മേയർ പറഞ്ഞു. അത്തരക്കാരെ വിജിലൻസ് പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കണം. വൈറ്റില സോണലിലെ ഉദ്യോഗസ്ഥനെതിരെ കൗൺസിലിൽ ഉയർന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിന് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകും.
വികസനത്തിന്റെ കാര്യത്തിൽ യു.ഡി.എഫിന് ഇരട്ടത്താപ്പാണെന്നും മേയർ എം. അനിൽകുമാർ ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് കാലയളവിൽ വികസനം മുടക്കുകയും യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ അതുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന നിലപാടാണ്. ഇത് ശരിയല്ല. വികസനം മുടക്കുന്ന സമീപനമല്ല എൽ.ഡി.എഫിന്റേത്. പുതിയ ആസ്ഥാന മന്ദിരനിർമാണത്തിന്റെ ചെലവ് ഉയർന്നത് ആവശ്യകതക്ക് അനുസരിച്ച് പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തിയതുകൊണ്ടാണ്. നേരത്തേ എൽ.ഡി.എഫ് ഭരണസമിതിയുണ്ടായപ്പോൾ മന്ദിര നിർമാണത്തിലെ പ്രയാസം നീക്കാൻ വിപണിനിരക്ക് അടിസ്ഥാനമാക്കി പ്രവൃത്തി നടത്താൻ നിർദേശംവെച്ചു.
എന്നാൽ, അന്നതിനെ അഴിമതിയെന്ന് ആക്ഷേപിച്ച് യു.ഡി.എഫ് എതിർക്കുകയാണ് ചെയ്തത്. എന്നാൽ, യു.ഡി.എഫ് അധികാരത്തിൽ എത്തിയപ്പോൾ ആ നിർദേശം നടപ്പാക്കുകയായിരുന്നു. അന്ന് നൂറ് ശതതമാനത്തിൽ അധികം എസ്റ്റിമേറ്റ് അധികരിച്ചു. എന്നിട്ടും യു.ഡി.എഫിന് മന്ദിരനിർമാണം പൂർത്തിയാക്കാനായില്ല -മേയർ പറഞ്ഞു.
കൊച്ചി: കൊച്ചി കോർപറേഷനിൽ എന്തെങ്കിലും നടക്കണമെങ്കിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു. ഒരുമാസം ആറുപേരെ വിജിലൻസ് പിടിച്ചിട്ടും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മേയർ ഒരുനടപടിയും സ്വീകരിക്കുന്നില്ല. കെ സ്മാർട്ട് സംവിധാനത്തിൽ നഗരസഭ പ്രവർത്തിക്കുന്നതുകൊണ്ട് അഴിമതിരഹിതമായാണ് പ്രവർത്തനം നടക്കുന്നതെന്നുമുള്ള മേയറുടെ വാദങ്ങൾ ഇവിടെ പൊളിയുകയാണ്. ഭരണസമിതിയുടെ അറിവോടെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.