ഈ വിമതരെക്കൊണ്ട് തോറ്റു...

കൊച്ചി: പത്രിക സമർപ്പണം പൂർത്തിയായതോടെ തദ്ദേശ തെരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുകയാണ്. ഇന്നലെ വരെ ഒരു മുന്നണിയുടെയും പാർട്ടിയുടെയും സജീവ പ്രവർത്തകരായിരുന്നവർ കൂടുമാറുന്നതും സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയെ വിമത വേഷം കെട്ടി വെല്ലുവിളിക്കുന്നതും തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കൗതുകങ്ങളാണ്.

പാർട്ടിയുടെ മുൻ നേതാക്കളും മുൻ കൗൺസിലർമാരും വരെ വിമതരായും മറ്റൊരു പാർട്ടിയുടെ കൊടിക്കീഴിലും ജനവിധി തേടാൻ ഇറങ്ങുന്നു. നേതൃത്വം ഇടപെട്ടിട്ടും വഴങ്ങാത്തവരെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് മുമ്പ് മെരുക്കാൻ അവസാനവട്ട ശ്രമം നടക്കുന്നുണ്ട്. ഇരു മുന്നണികൾക്കും ഭീഷണിയാകുന്ന വിമതരുടെ പടക്ക് ജില്ലയിലും കുറവില്ല.

കൊച്ചി കോർപറേഷൻ

കൊച്ചി കോർപറേഷനിൽ കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ വിമതർ. മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ സി.എം.പി മത്സരിക്കുന്ന കോണം ഡിവിഷനിൽ വിമതനാണ്. കോൺഗ്രസ് സിറ്റിങ് കൗൺസിലർ ബാസ്റ്റിൻ ബാബു ചുള്ളിക്കൽ ഡിവിഷനിലാണ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത്. ഈരവേലി ഡിവിഷനിൽ സുനിത ഷമീർ കോൺഗ്രസ് വിമതയാണ്. പനയപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തക ഷീബ ഷാലിയും അങ്കത്തട്ടിലുണ്ട്.

പെരുമ്പടപ്പിൽ കോൺഗ്രസ് പ്രവർത്തക ഹസീന നജീബ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നു. മുസ് ലിം ലീഗിന് രണ്ടിടത്താണ് വിമത ഭീഷണി. കൽവത്തി രണ്ടാം ഡിവിഷനിൽ സജി കബീറും ചക്കാമാടം ഡിവിഷനിൽ മഹിള കോൺഗ്രസ് ഭാരവാഹി ലൈല കബീറും. അമരാവതിയിൽ ആർ. സതീശാണ് ബി.ജെ.പി വിമതൻ. കൽവത്തി ഡിവിഷനിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ സ്ഥാനാർത്ഥിക്കെതിരെ സീനത്ത് സത്താറാണ് സി.പി.എം വിമതയായി രംഗത്തുള്ളത്.

പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനിൽ യു.ഡി.എഫ് വിട്ട് ബി.ജെ.പിയിലെത്തിയ കോർപറേഷൻ മുൻ സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സൺ ആണ് എൻ.ഡി.എ സ്ഥാനാർഥി. മുൻ എൽ.ഡി.എഫ് കൗൺസിലർ ജയിൻ ത്രിലോകാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫിന്‍റെ സിറ്റിങ് കൗൺസിലർ മാലിനി കുറുപ്പ് ഗിരിനഗറിൽ സ്വതന്ത്രയാണ്. പാലാരിവട്ടം ഡിവിഷനിൽ മുൻ കോൺഗ്രസ് കൗൺസിലർ ജോസഫ് അലക്സ് സ്വതന്ത്രനായി മത്സരിക്കുന്നു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ചെറളായിയിൽ ആറ് തവണ പാർട്ടി ടിക്കറ്റിൽ കൗൺസിലറായ ശ്യാമള പ്രഭു ഇത്തവണ വിമതയാണ്.

തൃക്കാക്കര

തൃക്കാക്കര നഗരസഭയിൽ ലീഗിന് തുടർച്ചയായി സീറ്റ് നൽകുന്നുവെന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എൽ.ഡി.എഫ് സ്ഥാനാർഥിയായി മാറി. എന്നാൽ ചില വാർഡുകളിൽ വിമതരെ പാർട്ടി അനുനയിപ്പിച്ചതോടെ വിമതവേഷം മാറ്റിയിട്ടുമുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിസി വിജു മത്സരിക്കുന്ന ഏഴാംവാർഡായ വല്ല്യാട്ടുമുകളിൽ റിബൽ സ്ഥാനാർഥി മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നിയാണ്.

മുൻ ചെയർപേഴ്‌സനും മണ്ഡലം പ്രസിഡന്റുമായ അജിതാ തങ്കപ്പനെതിരേ വാഴക്കാല വെസ്റ്റിൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി. സുനീർ ആണ് രംഗത്തുള്ളത്. 13-ാം ഡിവിഷനായ തുതിയൂരിൽ യു.ഡി.എഫ് സ്ഥാനാർഥി തോമസ് തുതിയൂരിനെതിരേ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു ആന്റണിയും 32-ാം ഡിവിഷനായ ഹെൽത്ത് സെന്ററിൽ പി.എസ്. സുജിത്തിനെതിരെ മണ്ഡലം വൈസ് പ്രസിഡന്റ് സാബു പടിയഞ്ചേരിയുമാണ് വിമതർ.

മൂവാറ്റുപുഴ

മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് 28-ാം വാർഡിലെ കോൺഗ്രസ് കൗൺസിലർ കെ.കെ. സുബൈർ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ചു. ഇത്തവണ 28ാം വാർഡ് സംവരണമായതിനെ തുടർന്ന് സുബൈർ ഒന്നാം വാർഡിൽ താൽപര്യം അറിയിച്ചിരുന്നു. ഇതിനിടെ വാർഡിൽ തന്നെയുള്ള യൂത്ത്കോൺഗ്രസ് പ്രവത്തകൻ മുനീർ കടികുളം നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്ന് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

സുബൈറിനെ പിന്തിരിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചങ്കിലും നടന്നില്ല. രണ്ടാം വാർഡിൽ മത്സരിക്കാനുള്ള നിർദേശവും തള്ളി. ജില്ല നേതൃത്വം ഉൾപ്പെടെ സുബൈറുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വാർഡ് കമ്മിറ്റിയുടെ തീരുമാനം പരിഗണിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നാണ് സുബൈറിന്‍റെ ആരോപണം. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി എൽ.ഡി. എഫിന്‍റെ കുത്തക വാർഡാണിത്.

ആലുവ

ആലുവ നഗരസഭയിൽ 25 വർഷം നഗരസഭാംഗവും ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമായിരുന്ന ലിസി എബ്രഹാം രണ്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. നിലവിൽ മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റായ ലിസി പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ചാണ് മത്സരത്തിനിറങ്ങിയത്. എട്ടാം വാർഡിൽ യോഗ്യതയുള്ളയാളെ കോൺഗ്രസ് നേതൃത്വം തഴഞ്ഞെന്ന് ആരോപിച്ച് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ജില്ല ജന. സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ സാബു പരിയാരത്തിനെ നാട്ടുകാർ വിമത സ്ഥാനാർഥിയാക്കിയിരിക്കുകയാണ്.

മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ്പ്രസിഡന്റും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയുമായ സീന ബഷീർ സ്വതന്ത്ര മുന്നണി സ്ഥാനാർഥിയായി 20ൽ മത്സരിക്കുന്നു. മഹിള കോൺഗ്രസ്‌ കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിന്ദു ശ്യാമസുന്ദരൻ 22 ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്.

കോൺഗ്രസ് ആലുവ ബ്ലോക്ക് എക്സിക്യട്ടീവ് കമ്മിറ്റി അംഗം ഇ.കെ. ഹമീദ് പാർട്ടി വിട്ട് സി.പി.ഐ സ്ഥാനാർഥിയായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എരുമത്തല ഡിവിഷനിൽ മത്സരിക്കുന്നു.

കളമശ്ശേരി

കളമശ്ശേരിയിൽ രണ്ട് മുന്നണികളിൽ നിന്നും സ്വതന്ത്രരായി റിബലുകൾ രംഗത്തുണ്ട്. ഏഴാം വാർഡിൽ ലീഗ് സ്ഥാനാർഥിക്കെതിരെ ലീഗിൽ നിന്നുള്ള അനസ് പനയപ്പിള്ളിയാണ് മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന 13, 14,21 വാർഡുകളിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളായിരുന്നവർ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ സംവരണ വാഡായിരുന്നതിനാൽ ലീഗ് 43ാം വാർഡിൽ മത്സരിപ്പിച്ച കൗൺസിലർ പ്രശാന്ത് ഇക്കുറി ലീഗ് സ്ഥാനാർഥിക്കെതിരെ രംഗത്തുണ്ട്. നഗരസഭ ആറാം വാർഡിൽ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയായി കാണുന്ന അഡ്വ. മുജീബ് റഹ്മാനെതിരെ റിബലായി സി.പി.എം അംഗമായിരുന്ന സിദ്ദീഖ് മൂലേപ്പാടം പത്രിക നൽകിയിട്ടുണ്ട്.

പറവൂർ

മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ബിന്ദു ഗോപി കരുമാല്ലൂർ വാർഡ് 22ൽ കോൺഗ്രസ് റിബലായി മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വിശ്വസ്തനായ മാഞ്ഞാലിയിലെ കോൺഗ്രസ് നേതാവിന്‍റെ സഹോദരൻ ടി.എ മുജീബാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. സീറ്റ് പ്രതീക്ഷിച്ചിരുന്ന എ.എം അലിയെ തള്ളിയാണ് സതീശൻ, മുജീബിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് അലി ജനകീയ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതിനിടെ സതീശനുമായി ഒത്തുതീർപ്പു ചർച്ച നടത്തിയ അലി, താൻ വാർഡ് 22ൽ മത്സരരംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. അലിയുടെ പിൻമാറ്റത്തിൽ പ്രതിഷേധിച്ചാണ് ബിന്ദു ഗോപി മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ആലങ്ങാട് പഞ്ചായത്തിൽ 24-ാം വാർഡിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) വനിത നേതാവ് അസ്മ ഷാജി കരിങ്ങാംതുരുത്ത് വാർഡിൽ പത്രിക നൽകി.

അങ്കമാലി

അങ്കമാലി നഗരസഭയിലെ മുൻ യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ ഇത്തവണ ബി.ജെ.പി സ്ഥാനാർഥികളാണ്. നിലവിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷകൂടിയായ 28-ാം വാർഡ് കൗൺസിലർ കോൺഗ്രസിലെ ഷൈനി മാർട്ടിൻ ചമ്പന്നൂർ 29-ാം വാർഡിലാണ് ബി.ജെ.പി സ്ഥാനാർഥിയായത്. 2015-2020ൽ നഗരസഭയിലെ വളവഴി ഒമ്പതാം വാർഡിൽ സി.പി.എം കൗൺസിലറായിരുന്ന സിനിമോൾ മാർട്ടിനും ബി.ജെ.പിയിൽ ചേക്കേറി. അന്ന് മത്സരിച്ച ഒമ്പതാം വാർഡിലാണ് സിനിമോൾ മത്സരിക്കുന്നത്.

കുന്നുകര പഞ്ചായത്തിൽ ഇളയ സഹോദരനായ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി രണ്ട് ദിവസം പ്രചാരണത്തിനിറങ്ങിയ സഹോദരൻ ഇപ്പോൾ ബി.ജെ.പി സ്ഥാനാർഥി. പഞ്ചായത്തിലെ കുറ്റിപ്പുഴ എട്ടാം വാർഡിലെ മുൻ അംഗം പി. രാജീവിനെതിരെയാണ് ബി.ജെ.പി സ്ഥാനാർഥിയായി ജ്യേഷ്ഠൻ എം.പി. അജയൻ മത്സരിക്കുന്നത്.

കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ജയകുമാർ താത്പര്യം പ്രകടിപ്പിച്ചെങ്കിലും പാർട്ടി അംഗീകരിച്ചില്ല. പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഷീന ജേക്കബും അഞ്ചാം വാർഡിൽ സുനിതയും കോൺഗ്രസ് വിമതരായി രംഗത്തുണ്ട്.

പെരുമ്പാവൂര്‍

പെരുമ്പാവൂർ നഗരസഭ 25ാം വാര്‍ഡില്‍ സി.പി.എം മുന്‍ കൗണ്‍സിലര്‍മാരില്‍ ഒരാള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും ഒരാള്‍ സി.പി.എം വിതമതയുമായി. മേഴ്‌സി ജോണ്‍സനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സാറാമ്മ സണ്ണിയാണ് വിമത. 21ാം വാര്‍ഡില്‍ കോഗ്രസ് മുൻ കൗണ്‍സിലര്‍ മിനി ജോഷി വിമതയായി രംഗത്തുണ്ട്. ഒക്കല്‍ പഞ്ചായത്തിലെ കൂടാലപ്പാട് ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗം എം.വി. ബെന്നി ഔദ്യോഗിക സ്ഥാനാര്‍ഥി സി.ജെ. ബാബുവിനെതിരെ മത്സരിക്കുന്നു.

കോതമംഗലം

കോതമംഗലം നഗരസഭയിലെ 23-ാം (പുതുപ്പാടി) വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയായി മുൻ ചെയർപഴ്സൺ മഞ്ജു സിജു പത്രിക നൽകി. ഭർത്താവ് സിജു ഏബ്രഹാം നഗരസഭയിൽ നിലവിൽ കൗൺസിലറും മുൻ ചെയർമാനുമാണ്.

18-ാം (കോഴിപ്പിള്ളി) വാർഡിൽ കോൺഗ്രസ് കൗൺസിലർ ഷിബു കുര്യാക്കോസും വിമതനായി പത്രിക നൽകി. എട്ടാം (വാളാടിത്തണ്ട്) വാർഡിൽ സി.പി.എം മുൻ കൗൺസിലറും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.വി. തോമസിന്റെ ഭാര്യ സിനി തോമസ് സ്വതന്ത്രയാണ്. അനിത ഷോബിയാണ് സി.പി.എം സ്ഥാനാർത്ഥി.

പല്ലാരിമംഗലം പഞ്ചായത്തിൽ വൈസ് പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മറ്റി അംഗവുമായ ഒ.ഇ. അബ്ബാസ് 11-ാം (മാവുടി) വാർഡിൽ സ്വതന്ത്രനായി പത്രിക നൽകിയതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 10 വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം.പി. ഷൗക്കത്തലിക്കെതിരെ മൈനോരറ്റി കോൺഗ്രസ് ജില്ല എക്സിക്യുട്ടിവ് അംഗം നൗഷാദ് അറയ്ക്കൽ പത്രിക നൽകി.

മരട്

മരട് നഗരസഭയിലെ 28-ാം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാസ് കെ. മുഹമ്മദിനെതിരേ വിമതനായി ജബ്ബാർ പാപ്പന മത്സരിക്കുന്നു. കനത്ത പോരാട്ടമാണ് ഇവിടെ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 26-ാം ഡിവിഷനിൽ റിയാസിനെതിരെ വിമതനായി ജബ്ബാർ പാപ്പന മത്സരിച്ചെങ്കിലും 75 വോട്ടിന് തോറ്റിരുന്നു.

കൂത്താട്ടുകുളം

കൂത്താട്ടുകുളം നഗരഭയിൽ മൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതർ പത്രിക നൽകിയിട്ടുണ്ട്. മൂന്നാം ഡിവിഷനിൽ ജിൻസ് പൈറ്റക്കുളം, 17-ാം ഡിവിഷനിൽ സോണി, 16-ാം ഡിവിഷനിൽ ഏലിയാസ് എന്നിവരാണ് കോൺഗ്രസ് വിമതർ.

കാലടി, പൂതൃക്ക

കാലടി പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ അഞ്ചിടത്ത് റിബലുകളുണ്ട്. മുൻ പഞ്ചായത്ത് അംഗങ്ങളായ പി.വി. സ്റ്റാർലി, ശാന്ത ബിനു, മാർട്ടിൻ പി. ആന്‍റണി, കോൺഗ്രസ് പ്രവർത്തകരായ ബി. ബിനു. ജോയ് പള്ളത്തുകുടി എന്നിവരാണ് മത്സരിക്കുന്നത്. ജോയ് പള്ളത്തുകുടി മത്സരിക്കുന്നത് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജൻ തോട്ടപ്പള്ളിക്കെതിരെയാണ്. മലയാറ്റൂർ നീലേശ്വരം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസിലെ മുൻ അംഗങ്ങളായ ജോയ് മുട്ടംതൊട്ടി, സേവ്യർ വടക്കുംഞ്ചേരി എന്നിവർ രംഗത്തുണ്ട്.

പൂതൃക്ക പഞ്ചായത്ത് ഏഴാം വാർഡിൽ സി.പി.ഐ നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജൻ ചിറ്റേത്ത് വിമത സ്ഥാനാർഥിയാണ്. മൂന്നാം ഡിവിഷനിൽ ജിൻസ് പൈറ്റക്കുളം, 17-ാം ഡിവിഷനിൽ സോണി, 16-ാം ഡിവിഷനിൽ ഏലിയാസ് എന്നിവരാണ് കോൺഗ്രസ് വിമതർ.

Tags:    
News Summary - Kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.