കേരള ഹൈകോടതി

മറൈൻഡ്രൈവ്: മേൽനോട്ട സമിതിയുണ്ടാക്കാൻ വൈകിയതെന്ത്​?​ വിശദീകരണം തേടി ഹൈകോടതി

കൊച്ചി: മറൈൻഡ്രൈവ് വൃത്തിയായി സംരക്ഷിക്കാൻ മേൽനോട്ട സമിതിക്ക് (മോണിട്ടറിങ് കമ്മിറ്റി) രൂപം നൽകാൻ ഏപ്രിലിൽ നിർദേശം നൽകിയിട്ടും നടപ്പാക്കാൻ കാലതാമസമുണ്ടായതെന്തെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. സമിതിയുടെ രൂപഘടനയിലുൾപ്പടെ നൽകിയ മറ്റ് നിർദേശങ്ങൾ എന്ന് നടപ്പാക്കുമെന്നത് സംബന്ധിച്ചും വിശദീകരണം നൽകാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും ഓക്ടോബർ 30ന് പരിഗണിക്കാൻ മാറ്റി.

മറൈൻ ഡ്രൈവിന്റെ സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ചിറ്റൂർ റോഡിൽ താമസക്കാരനായ രഞ്ജിത് ജി. തമ്പി നൽകിയ ഹരജിയിലാണ് സമിതി രൂപവത്കരണത്തിന് കോടതി ഉത്തരവിട്ടത്. നിർദേശം പാലിക്കാതിരുന്നതിനെ തുടർന്ന് കോടതിയലക്ഷ്യ ഹരജി നൽകിയതിനെ തുടർന്നാണ് സർക്കാർ മോണിട്ടറിങ് കമ്മിറ്റി രൂപവത്കരിച്ച് ഒക്ടോബർ 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി നിർദേശ പ്രകാരം ‘കൊച്ചി മറൈൻ ഡ്രൈവ് മോണിട്ടറിങ് കമ്മിറ്റി’ എന്ന പേരിലാണ് ജില്ല കലക്ടർ അധ്യക്ഷനായ സമിതിക്ക് ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്. സമിതി പ്രവർത്തനങ്ങൾ ഏകോപിക്കാൻ നോഡൽ ഓഫിസർ, പ്രവർത്തനങ്ങൾക്കായി പ്രത്യേക പ്രോട്ടോക്കോൾ, വർഷത്തിൽ രണ്ട് തവണയെങ്കിലും മോണിട്ടറിങ് കമ്മിറ്റി യോഗം, ജനങ്ങൾക്ക് പരാതിപ്പെടാൻ ഫോൺ നമ്പർ, ഇ- മെയിൽ, സാമൂഹിക മാധ്യമ അക്കൗണ്ട് എന്നിവ വേണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഫോട്ടോയടക്കം അപ് ലോഡ് ചെയ്യാൻ കഴിയണമെന്നും പരാതികളിൽ നടപടി സ്വീകരിക്കണമെന്നതുമടക്കം നിർദേശങ്ങളും നൽകിയിരുന്നു. ഇക്കാര്യങ്ങളിലെ വിശദീകരണമാണ് തേടിയിരിക്കുന്നത്.

Tags:    
News Summary - kerala high court questioned delay of marine drive monitoring committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.