കരിമുകൾ ഇൻഫോപാർക്ക് റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ താഴ്ത്തിയ ഭാഗം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു
പൈപ്പിടലും കേബിൾ വലിക്കലും; കരിമുകൾ-ഇൻഫോപാർക്ക് റോഡിലെ യാത്ര ദുഷ്കരം
കരിമുകൾ: ഇൻഫോപാർക്ക് റോഡിൽ പൈപ്പിടലും കേബിൾ വലിക്കലും മൂലം റോഡ് ശോച്യാവസ്ഥയിൽ. ആറു മാസത്തിലധികമായി ബ്രഹ്മപുരം പാറക്കമുകൾ കുരിശ് മുതൽ ഇൻഫോപാർക്ക് വരെ കിൻഫ്രക്ക് വെള്ളം എത്തിക്കുന്നതിന് റോഡ് രണ്ട് മീറ്റർ ആഴത്തിൽ കുഴിച്ച് പൈപ്പ് വലിച്ചെങ്കിലും റീടാറിങ് നടത്താത്തതിനാൽ പലഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഒരു മാസത്തിനകം നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് റോഡ് കുത്തിപ്പൊളിക്കുന്നതിന് അനുമതി നൽകിയത്. പിന്നീട് സമയം നീട്ടി വാങ്ങിയെങ്കിലും പൂർണമായും നിർമാണം പൂർത്തിയാക്കാനായില്ല. മഴ പെയ്തതോടെ പല ഭാഗത്തും കുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ടും ചളിയും രൂക്ഷമാകുകയും ചെയ്തു.
ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ഇൻഫോപാർക്കിലേക്കും കലക്ടറേറ്റിലേക്കും പോകുന്നതിനുള്ള എളുപ്പവഴിയാണിത്. ചളിയും വെള്ളക്കെട്ടും തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഇതിനിടെ, റോഡിന്റെ മറുവശത്തുകൂടി റോഡ് കുത്തിപ്പൊളിച്ച് കേബിൾകൂടി വലിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും കാൽനടക്കാർക്ക് സഞ്ചരിക്കാനാവാത്ത സാഹചര്യവുമാണ്. റോഡിൽ ചില ഭാഗങ്ങളിൽ ഇപ്പോഴും വലിയ കുഴി ഉണ്ടാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ പരസ്പരം കടന്നുപോകാൻ കഴിയാത്തതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ഐ.എൻ.ടി.യു.സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.