ഓണം കഴിഞ്ഞിട്ടും വിലതാഴാതെ ഞാലിപ്പൂവനും നേന്ത്രനും
വൈപ്പിൻ: ഓണം കഴിഞ്ഞിട്ടും വിപണിയിൽ വില താഴാതെ ഞാലിപ്പൂവനും നേന്ത്രപ്പഴവും. കിലോക്ക് 90 മുതൽ 100 രൂപ വരെ നിരക്കിലാണ് ഗ്രാമീണ മേഖലകളിൽ ഞാലിപ്പൂവൻ വിൽക്കുന്നത്. നഗരങ്ങളിൽ ഇത് 120 രൂപ വരെ എത്തി. ഓണക്കാലത്ത് ഞാലിപ്പൂവൻ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നെന്ന് നായരമ്പലം തയ്യെഴുത്ത് ബസ് സ്റ്റോപ്പിലെ വ്യാപാരി പി.കെ. ഹരി പറഞ്ഞു. സീസൺ അല്ലാത്തതിനാലുള്ള ദൗർലഭ്യമാണ് ഓണശേഷവും ഞാലിപ്പൂവന് വില കുറയാത്തതിന് കാരണം. വിവാഹസദ്യകളിലും ഞാലിപ്പൂവനുതന്നെയാണ് പ്രഥമ സ്ഥാനം.
മാള ഭാഗത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് ഇവ ജില്ലയിലെ വിപണികളിലെത്തുന്നത്. വയനാട്ടിൽനിന്ന് വരുന്ന പഴങ്ങൾക്കും വിപണിയുണ്ട്. നേന്ത്രപ്പഴത്തിനും വിപണിയിൽ വില ഉയർന്നുനിൽക്കുകയാണെന്ന് എടവനക്കാട്ടെ വ്യാപാരി പി.വി. പാംദത്ത് പറഞ്ഞു. ചിപ്സ് നിർമാണത്തിന് പച്ചക്കായയും നേന്ത്രപ്പഴവും വലിയ തോതിൽ ഉപയോഗിക്കുന്നതാണ് കാരണം. നേന്ത്രക്കായയുടെ കാര്യത്തിൽ നാടൻ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. രുചിയിലും ഗുണത്തിലും ഇവ മറുനാടൻ പഴങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.
നിലവിൽ കിലോയ്ക്ക് 65 മുതൽ 75 രൂപ വരെയാണ് നേന്ത്രപ്പഴം വില. റോബസ്റ്റക്കും പാളയംകോടനും 40 രൂപ വീതവും പൂവന് 50 രൂപയുമാണ് ശരാശരി വില. വരുംമാസങ്ങളിൽ കൂടുതൽ പഴങ്ങൾ വിപണിയിലെത്തുന്നതോടെയേ വിലയിൽ കാര്യമായ കുറവുണ്ടാകൂവെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.