മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ വെണ്ടകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്എം . അരുൺ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
മണ്ണിൽ പകർത്തിയെഴുതിയ കൃഷിപാഠം
മുഹമ്മ: വിത്തുനട്ടു, നനച്ചു, ഓരോ ഇതളിലും പൂവിലും സ്വപ്നങ്ങൾ കണ്ടു... പക്ഷികളും കീടങ്ങളും തൊടാതെ കൺമണിപോലെ കാത്തു... പാകമായപ്പോൾ ആഘോഷത്തോടെ കുട്ടികർഷകർ വിളവെടുത്തു. ഉച്ചയൂണിന് അതേ പച്ചക്കറികൾകൊണ്ടുള്ള വിഭവങ്ങൾ കഴിക്കുകയും ചെയ്തു. മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ‘പാഠം ഒന്ന്, പാടത്തേക്ക്’പദ്ധതിയുടെ ഭാഗമായൊരുക്കിയ കൃഷിത്തോട്ടത്തിലായിരുന്നു വെണ്ടയും കുക്കുംബറും വിളവെടുത്തത്. പാഠപുസ്തകത്തിൽനിന്ന് പഠിച്ച കൃഷി അറിവുകൾ അവർ മണ്ണിൽ പകർത്തിയെഴുതുകയായിരുന്നു. വിളവെടുത്ത വെണ്ട സ്കൂൾ അടുക്കളയിലേക്ക് നൽകി. മിച്ചം വന്ന വെണ്ടയ്ക്ക അധ്യാപകർക്ക് വിൽക്കുകയും ചെയ്തു. പച്ചമുളക്, പടവലം, വഴുതന, പയർ, വെള്ളരി, മത്തൻ തുടങ്ങിയവയും ജൈവവളം ഉപയോഗിച്ച് കൃഷിചെയ്യുന്നുണ്ട്. വിദ്യാലയ മുറ്റത്ത് ഒരുക്കിയ പാടത്തിൽ ‘ഉമ’ നെല്ലും കതിരിട്ടു.
എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ്, പ്രൊഡക്ഷൻ യൂനിറ്റുകൾ കൃഷിയിൽ പങ്കാളികളാണ്. രാവിലെയും വൈകീട്ടും യൂനിറ്റുകളിലെ കുട്ടികളാണ് വെള്ളമൊഴിച്ച് പരിചരിക്കുന്നത്.
സംസ്ഥാന കർഷക അവാർഡ് ജേതാവും പി.ടി.എ അംഗവുമായ കെ.പി. ശുഭകേശൻ, രക്ഷകർത്താവ് സന്തോഷ് എന്നിവരാണ് കൃഷിയുടെ മേൽനോട്ടം. അധ്യാപിക ജയലക്ഷ്മി കൺവീനറായ കാർഷിക സമിതിയും പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷത്തെ കൃഷിക്ക് അക്ഷയശ്രീ കാർഷിക പുരസ്കാരം ലഭിച്ചിരുന്നു. കാർഷികക്ഷേമ വകുപ്പിന്റെ സംസ്ഥാന കാർഷിക അവാർഡിലേക്ക് ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളും എ.ബി വിലാസമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് എം. അരുൺമോഹൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി മോഹൻ അധ്യക്ഷനായി. കൃഷി ഓഫിസർ പി.എം. കൃഷ്ണ, സ്കൂൾ മാനേജർ ജെ. ജയലാൽ, പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, ദേവസ്വം സെക്രട്ടറി സി.എ. കുഞ്ഞുമോൻ, എം.പി.ടി.എ പ്രസിഡന്റ് നിഷ പ്രദീപ്, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, സ്റ്റാഫ് സെക്രട്ടറി ടി.പി. സരിത, കൺവീനർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.