വൈപ്പിൻ: വൈപ്പിൻ ജെട്ടിയിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും വാക്കേറ്റത്തിനും ഇടയാക്കുന്നു. തുടർച്ചയായി ഗതാഗതം തടസ്സപ്പെടുന്നതോടെ ബസുകൾ വൈപ്പിൻ തൊടാതെ ഗോശ്രീ പാലം വഴി എറണാകുളത്തേക്കും തിരിച്ച് മുനമ്പം, പറവൂർ ഭാഗത്തേക്കും സർവിസ് നടത്തുകയാണ്. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. ബസ് കാത്തുനിൽപ്പ് പോലും മണിക്കൂറുകളോളം നീളുന്ന സ്ഥിതിയാണ്.
ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ റോ റോ യിൽ യാത്രക്കെത്തുന്നതും അല്ലാതെയുമായി നിരവധി വാഹനങ്ങളാണ് തോന്നു വിധം പാർക്ക് ചെയ്തിട്ടുള്ളത്. കാളമുക്കിൽ നിന്ന് വൈപ്പിനിലേക്ക് മൂന്നുമിനിറ്റാണ് റണ്ണിങ് ടൈം. സ്റ്റാൻഡിൽ എത്തുന്ന ബസ് യു ടേൺ എടുത്തുവേണം കാളമുക്കിലേക്ക് എത്താൻ.
എന്നാൽ സ്റ്റാൻഡിലെ തിരക്കുമൂലം ബസുകൾക്ക് ഈ സമയത്തിനുള്ളിൽ ആളുകളെ എടുത്ത് കാളമുക്കിൽ എത്താൻ കഴിയുന്നില്ല. വാഹനങ്ങൾ തോന്നുംവിധം പാർക്ക് ചെയ്യുന്നതിനാൽ ബസുകൾ പല സ്ഥലത്തായി നിർത്തിയാണ് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നത്. റോ റോയിൽ കയറാ നെത്തുന്ന വാഹനങ്ങൾ നിര തെറ്റിച്ചുകയറുന്നതും അപകടത്തിനും വാക്കേറ്റത്തിനും ഇടയാക്കുന്നു.
തുടർച്ചയായി തർക്കങ്ങൾ ഉണ്ടായതോടെ സമീപത്തെ കച്ചവടക്കാർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഒരാളെ ഡ്യൂട്ടിക്കിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിറ്റേ ദിവസം ഒരാളെ അൽപനേരം മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ചു. ആളില്ലാതായതോടെ വീണ്ടും പഴയപടിയായതായി അവർ പറഞ്ഞു. അടിയന്തരമായി അധികൃതർ ഇടപെട്ട് പ്രദേശത്ത് ഒരു ഗാർഡിനെ നിയോഗിച്ച് ജെട്ടിയിലൂടെയുള്ള ഗതാഗതം സുഗമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.