പുതിയ ജില്ല കലക്ടറായി ചുമതലയേറ്റ ജാഫർ മാലിക് ഐ.എ.എസിനെ ഭാര്യയും ജില്ല വികസന കമീഷണറുമായ അഫ്സാന പർവീൻ അഭിനന്ദിക്കുന്നു

കലക്​ടറേറ്റിൽ താരമായി ഐ.എ.എസ് ദമ്പതികൾ

കാക്കനാട്: തിങ്കളാഴ്ച ജില്ല കലക്ടറേറ്റിൽ താരമായത് ഐ.എ.എസ് ദമ്പതികൾ. പുതിയ ജില്ല കലക്ടർ ജാഫർ മാലിക് ചുമതലയേൽക്കുന്ന ചടങ്ങിലാണ് ജില്ല വികസന കമീഷണർ കൂടിയായ ഭാര്യ അഫ്സാന പർവീനും എത്തിയത്. അഫ്സാനയുമൊത്താണ്​ മുൻ കലക്ടർ എസ്. സുഹാസിൽനിന്ന് ചുമതലകൾ ഏറ്റെടുക്കാൻ ജാഫർ മാലിക് ചേംബറിലെത്തിയത്. തുടർന്ന് നടന്ന വാർത്ത സമ്മേളനത്തിലുൾ​െപ്പടെ ഏവരുടെയും ശ്രദ്ധ ദമ്പതികളിൽ തന്നെയായിരുന്നു.

പുതിയ കലക്ടറായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ആദ്യം അഭിനന്ദനമർപ്പിച്ചതും അഫ്സാന തന്നെയായിരുന്നു. കാക്കനാട്ടെ ഫ്ലാറ്റിൽനിന്നാണ്​ വൈകീട്ട് ആറു മണിയോടെ ഇരുവരും കലക്ടറേറ്റിലെത്തിയത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരാഴ്ചക്ക് ശേഷം മാത്രമേ എറണാകുളത്തെ ഔദ്യോഗിക വസതിയിലേക്ക് മാറൂ.

നേരത്തേ എം.ജി രാജമാണിക്യം ജില്ല കലക്ടറായും ഭാര്യ ആർ.നിഷാന്തിനി റൂറൽ എസ്.പി ആയും ഒരേ സമയം ജോലി നോക്കിയിട്ടുണ്ടെങ്കിലും ജില്ല കലക്ടറേറ്റിൽ ഒരേസമയം ഐ.എ.എസ് ദമ്പതികൾ ഭരണ നിർവഹണ ചുമതല ഏറ്റെടുക്കുന്നത് ആദ്യമായാണ്. ജാഫർ മാലിക് മുമ്പ് കൈകാര്യം ചെയ്തിരുന്ന കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡി​െൻറയും കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ചുമതല അഫ്സാനക്കാണെങ്കിലും ജില്ല വികസന കമീഷണറുടെ ഓഫിസ് കലക്ടറേറ്റ് ഉൾപ്പെടുന്ന സിവിൽ സ്​റ്റേഷൻ സമുച്ചയത്തിൽ തന്നെയാണ്. 

വികസന സ്വപ്നങ്ങൾ പങ്കുവെച്ച് ജാഫർ മാലിക്​

കാക്കനാട്: ജില്ലയുടെ പുതിയ കലക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. വികസന പ്രവർത്തനങ്ങളിൽ ഉൾ​െപ്പടെ സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്ന വിവിധ പദ്ധതികളില്‍ കാര്യക്ഷമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ചുമതലയേറ്റശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യും. കോവിഡ് മഹാമാരി കുട്ടികളില്‍ സൃഷ്​ടിച്ച പ്രതിസന്ധികള്‍ നേരിടാൻ ആരോഗ്യവകുപ്പ്, കുടുംബശ്രീ, അംഗൻവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരെ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കും. വിവിധ വികസന പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് ആറിന്​ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് സ്ഥാനമൊഴിഞ്ഞ എസ്. സുഹാസ് പുതിയ കലക്ടർക്ക് ചുമതല കൈമാറിയത്. അശോകസ്തംഭം ഉറപ്പിച്ച ട്രോഫിയാണ്​ പുതിയ കലക്​ടറെ സ്വീകരിച്ചത്​. ഇത് ആദ്യമായാണ് കലക്ടറെ ഔദ്യോഗിക മുദ്ര നൽകി സ്വീകരിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അറിയിച്ചാണ്​ ജാഫർ മാലിക് സ്ഥാനമേറ്റെടുത്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ്, എ.ഡി.എം എസ് ഷാജഹാന്‍, കലക്ടറുടെ പത്​നി കൂടിയായ ജില്ല വികസന കമീഷണര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ ഹാരിസ് റഷീദ്, അസി. കലക്ടര്‍ സച്ചിന്‍ യാദവ്, ഹുസൂർ ശിരസ്തീദാർ ജോർജ് ജോസഫ്, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇൻ ചാർജ് കെ.കെ. ജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - IAS couple star in Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.