ഓണം ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ എച്ച്.എം.ടി ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കളമശ്ശേരി: ഓണം ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എച്ച്.എം.ടി ജീവനക്കാർ ആഘോഷം ബഹിഷ്കരിച്ച് കുത്തിയിരുപ്പ് സമരം നടത്തി. എച്ച്.എം.ടി മാനേജ്മെന്റ് കാന്റീനിൽ തായാറാക്കിയ ഓണസദ്യയും ആഘോഷ പരിപാടികളും ബഹിഷ്കരിച്ചാണ് ജീവനക്കാർ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചത്.
ഓഫിസ് കവാടത്തിൽ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. ഓണത്തിനു പോലും ജീവനക്കാർക്ക് ലഭിക്കേണ്ട പെർഫോമൻസ് ബോണസ്, ലീവ് എൻക്യാഷ്മെന്റ്, മൂന്നുമാസത്തെ ശമ്പള കുടിശ്ശിക എന്നിവ ബാംഗ്ലൂർ കോർപറേറ്റ് മാനേജ്മെന്റ് നൽകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആനുകൂല്യങ്ങൾ നൽകാത്ത പക്ഷം ഓണാഘോഷം ബഹിഷ്കരിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ അറിയിച്ചിരുന്നു. എന്നാൽ, ആനുകൂല്യങ്ങൾ നൽകാതെ പ്രകോപനം സൃഷ്ടിക്കുകയാണ് മാനേജ്മെന്റ് ചെയ്തതെന്ന് യൂനിയൻ കുറ്റപ്പെടുത്തി.
പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.പിമാരായ ഹൈബി ഈഡൻ, ജോൺ ബ്രിട്ടാസ്, അഡ്വ. ഹാരിസ് ബീരാൻ, പി.പി. സന്തോഷ് കുമാർ, പി.പി. സുനീർ എന്നിവർ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാര സ്വാമിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. പുനരുദ്ധാരണ പാക്കേജ് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതാണ്.
കുത്തിയിരിപ്പ് ധർണയിൽ എച്ച്.എം.ടി എംപ്ലോയീസ് യൂനിയൻ സെക്രട്ടറി എസ്. ഷിബു, വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് എൻ.വി. ലിൻസെൻ, ബി.എം.എസ് എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി ശ്രീജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.