പറക്കോട്-വെമ്പിള്ളി റോഡിൽ അപകട ഭീഷണിയായ ട്രാൻസ്ഫോമർ
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്-വെമ്പിള്ളി റോഡിലുള്ള വളവിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതി ട്രാൻസ്ഫോമർ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ദിനേന സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. വളവിലെ കാഴ്ചമറക്കുന്ന രീതിയിൽ നിൽക്കുന്ന ട്രാൻസ്ഫോമർ കാരണം ഇവിടെ വലിയ അപകടസാധ്യതയാണുള്ളത്. പ്രത്യേകിച്ച്, സ്കൂൾ വാഹനങ്ങൾ വരുന്ന സമയത്ത് എതിരെ മറ്റൊരു വാഹനം പെട്ടെന്ന് വന്നാൽ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറി വൻ ദുരന്തമുണ്ടാകാൻ സാധ്യത ഏറെയാണ്.
വർഷങ്ങൾക്ക് മുൻപ് ഈ ട്രാൻസ്ഫോമർ സ്ഥാപിച്ച സമയത്ത് പ്രദേശത്ത് വാഹനങ്ങൾ വളരെ കുറവായിരുന്നതിനാൽ അപകടസാധ്യത കുറവായിരുന്നു. എന്നാൽ, നിലവിൽ ഗതാഗതം വർധിച്ചിട്ടും ട്രാൻസ്ഫോമർ ഇവിടെനിന്നും മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളുടെയും വിദ്യാർഥികളുടെയും സുരക്ഷ മുൻനിർത്തി ട്രാൻസ്ഫോമർ അടിയന്തരമായി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.