അങ്കമാലി: ചൂട് കനക്കുന്നതിനാൽ മഞ്ഞപ്പിത്ത സാധ്യത വർധിച്ചതോടെ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്. കനത്ത ചൂടിൽ ശുദ്ധജല ലഭ്യത കുറയുന്നതാണ് മഞ്ഞപ്പിത്ത രോഗം പടർന്ന് പിടിക്കാൻ ഇടയാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അങ്കമാലി, മൂക്കന്നൂർ, നെടുമ്പാശ്ശേരി, ചെങ്ങമനാട് മേഖലകളിൽ ഇപ്പോൾ രോഗം വ്യാപകമാകുന്നുണ്ട്. രോഗം കഠിനമാകുമ്പോഴാണ് പലരും രക്തം പരിശോധന നടത്തുന്നത്. അപ്പോഴേക്കും രോഗം മൂർച്ചിച്ചിരിക്കും. ചികിത്സ സൗകര്യ പരിമിതി മൂലം സർക്കാർ ആശുപത്രികളിലെത്താതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരാണധികവും.
ഹെൽത്ത് സെന്ററുകളിൽ മഞ്ഞപ്പിത്തം ബാധിച്ചെത്തുന്നവരുടെ എണ്ണം കുറവായതിനാൽ അതിന്റെ ഗൗരവവും അധികാരികളിലെത്തുന്നില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരിൽ നിന്നുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം കൂടി വരുകയാണ്. അന്തർ സംസ്ഥാന തൊഴിലാളികൾ മെഡിക്കൽ ഷോപ്പുകളിലെത്തി പനിക്കും ശരീരവേദനകൾക്കും മറ്റും മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നതിനാൽ അവരുടെ ശരിയായ കണക്കുകളും ലഭ്യമല്ല. കിണറുകളിലും ജലസ്രോതസ്സുകളിലും നീരുറവ തീരെ കുറയുകയും ജലാശയങ്ങളിൽ ജലവിതാനം താഴുകയും ശുദ്ധജല ലഭ്യത കുറയുകയും ചെയ്യുന്നതാണ് ഇപ്പോൾ മഞ്ഞപ്പിത്തം പടരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം അങ്കമാലി നഗരസഭയിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരു കേസാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം ചികിത്സിച്ച് ഭേദമാക്കിയതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ.ജെ.ഇളന്തട്ട് പറഞ്ഞു.
ഈ രോഗിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കുകയും ആവശ്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തതിനാൽ രോഗം പകരാതെ നിയന്ത്രിക്കാൻ സാധിച്ചതായും അധികൃതർ അവകാശപ്പെടുന്നു. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ രണ്ടു പേർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.