പൊളിച്ച ഫ്ലാറ്റി​െൻറ സ്ഥലത്ത് മാലിന്യം തള്ളി

മരട്: പൊളിച്ചുമാറ്റിയ കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് (എച്ച്.ടു.ഒ) ഫ്ലാറ്റി​െൻറ ഒഴിഞ്ഞ പ്രദേശത്ത് ലോഡ് കണക്കിന് മാലിന്യം തള്ളി.

കഴിഞ്ഞ ദിവസം രാത്രിയാണ് പഴയ നിര്‍മാണസാമഗ്രികളുടെ അവശിഷ്​ടങ്ങള്‍, സോഫ അപ്‌ഹോൾസ്​റ്ററി അവശിഷ്​ടങ്ങള്‍, പ്ലാസ്​റ്റിക് ബക്കറ്റുകള്‍, റബര്‍ മാലിന്യങ്ങള്‍ തുടങ്ങിയവ നിക്ഷേപിച്ചത്​. നിര്‍ത്തിപ്പോയ വര്‍ക്​ഷോപ്പില്‍നിന്ന്​ കൊണ്ടുവന്ന്​ തള്ളിയതായിരിക്കാമെന്ന്​ പരിസരവാസികള്‍ പറയുന്നു.

സുപ്രീംകോടതി വിധിയെതുടര്‍ന്ന് ഫ്ലാറ്റ് പൊളിച്ചുമാറ്റിയ സ്ഥലം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം സ്ഥിരമാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണിവിടം. കുണ്ടന്നൂര്‍-തേവര മേൽപാലത്തിനു സമീപത്തായിരുന്നു ഫ്ലാറ്റ് സ്ഥിതിചെയ്തിരുന്നത്. മാലിന്യനിക്ഷേപം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മരട് നഗരസഭ ചെയര്‍മാന്‍ ആൻറണി ആശാന്‍പറമ്പില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജേക്കബ്സണ്‍, ആരോഗ്യവിഭാഗം സ്ഥിരംസമിതി ചെയര്‍മാന്‍ ചന്ദ്രകലാധരന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

നഗരസഭ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയുംവേഗം ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മാലിന്യം നിക്ഷേപിച്ചതിനെതിരേ ഫ്ലാറ്റ് നിന്ന സ്ഥലത്തി​െൻറ ഉടമയും മരട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Garbage was dumped at the site of the demolished flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.