എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനു സമീപം എം.ഐ. ഇബ്രാഹിം ലെയ്നിലെ മാലിന്യം
നീക്കം ചെയ്തപ്പോൾ
കാക്കനാട്:എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനു സമീപം എം.ഐ. ഇബ്രാഹിം ലെയ്നിൽ റോഡരികിൽ അനധികൃതമായി തള്ളിയ മാലിന്യം തൃക്കാക്കര നഗരസഭ അധികൃതർ നീക്കം ചെയ്തു. മാലിന്യം നിറഞ്ഞ് മെട്രോ സിറ്റി പ്രദേശമെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. രാത്രിയുടെ മറവിൽ മാലിന്യം തള്ളൽ വ്യാപകമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് റോഡരികിലെ മാലിന്യം മാറ്റിയത്.
എന്നാൽ, കൊച്ചി മെട്രോ സിറ്റി നിർമിക്കാൻ കെ.എം.ആർ.എൽ ഏറ്റെടുത്ത ഏക്കർ കണക്കിന് സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാൻ നഗരസഭ തയാറായില്ല. ലഹരി മാഫിയയും തെരുവുനായ്ക്കളും ഈ പ്രദേശത്തെ പഴയ കെട്ടിടങ്ങളിൽ താവളമാക്കിയിരിക്കുകയാണ്. കമ്പിവേലികൊണ്ട് കോമ്പൗണ്ട് തിരിച്ചിരിക്കുന്ന സ്ഥലത്ത് കയറി മാലിന്യം നീക്കം ചെയ്യണമെങ്കിൽ കെ.എം.ആർ.എല്ലിന്റെ അനുമതി വേണം.
പദ്ധതി പ്രദേശത്ത് വ്യാപകമായി കുന്നുകൂടിയ മാലിന്യം മുൻവർഷങ്ങളിൽ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തിട്ടുള്ളതുമാണ്. എന്നാൽ, അനധികൃതമായി തങ്ങളുടെ സ്ഥലത്ത് കയറിയതായി കാണിച്ച് നഗരസഭക്ക് കെ.എം.ആർ.എൽ അന്ന് നോട്ടീസ് നൽകിയതും വിവാദമായിരുന്നു. അതേസമയം, മെട്രോ സിറ്റി പ്രദേശത്ത് മാലിന്യം കുമിയുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ കെ.എം.ആർ.എല്ലിന് നോട്ടീസ് അയക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.