കാക്കനാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർ.ടി.ഒ ടി.എം. ജെർസൺ വിജിലൻസ് പിടിയിലായതോടെ പുറത്തുവരുന്നത് അഴിമതിയുടെ പുതിയ വിവരങ്ങൾ. ജേർസന്റെ അഴിമതിയെക്കുറിച്ച് വിജിലൻസിന് വിവരം ലഭിച്ചെങ്കിലും തെളിവുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ബസ് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ രൂപത്തിലാണ് അത് വിജിലൻസിന്റെ പക്കലെത്തിയത്.
പെർമിറ്റ് അനുവദിക്കുന്നതിനും മറ്റുമായി 15,000 മുതൽ 30,000 രൂപ വരെയാണ് കൈക്കൂലി ഇനത്തിൽ വാങ്ങുന്നത്. വർഷങ്ങൾക്കൊണ്ട് കോടികൾ അനധികൃതമായി സമ്പാദിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തുന്നു. മോട്ടോർ വാഹന വകുപ്പിലെ പല അനുമതികൾക്കും ജെർസൺ കൈക്കൂലി ഈടാക്കിയിരുന്നതായി ഏജൻറുമാർ പറയുന്നു. സാമ്പത്തികനേട്ടം മുന്നിൽ കണ്ട് ബസ് പെർമിറ്റ് നൽകുന്നതിന് മാത്രമായി ഒരു സംഘം ആർ.ടി.ഓഫിസിൽ പ്രവർത്തിച്ചിരുന്നു. പുതിയ പെർമിറ്റ്, സമയക്രമം എന്നിവയൊക്കെ നിശ്ചയിക്കുന്നത് ഈ ടീമാണ്. അതിനുള്ള വിഹിതം കൃത്യമായി കൊടുക്കണം. ദൂരറൂട്ടുകളിൽ ബസ് പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യപ്പെടുന്നത്ര തുക കൊടുക്കേണ്ടി വരും.
ഒട്ടുമിക്ക ബസ് ഉടമകളും അപേക്ഷ സമർപ്പിക്കുന്നത് ഏജന്റുമാർ മുഖേനയാണ്. അപേക്ഷ കൊടുക്കുന്നത് മുതൽ സമയക്രമം ലഭിക്കുന്നത് വരെയുള്ള കാര്യങ്ങൾ അവർ നടത്തിക്കൊടുക്കും. ഭീമമായ തുക ആർ.ടി.ഒക്കും അതിന്റെ ഒരു വിഹിതം ഏജന്റിനും കൈക്കൂലിയായി കൊടുക്കണമെന്നു മാത്രം. ഇത്തരത്തിൽ ജേർസൺ വലിയ രീതിയിൽ പണം സമ്പാദിച്ചുവെന്നും നാലു ബാങ്ക് അക്കൗണ്ടുകളും നാലു ലോക്കറുകളും ഇദ്ദേഹത്തിനുള്ളതായും വിജിലൻസ് കണ്ടെത്തി.
ജേർസണിന്റെ വീട്ടിൽനിന്ന് 49 കുപ്പി വിദേശമദ്യശേഖരം കണ്ടെടുത്തിരുന്നു. 5,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയതിനാണ് ജെർസനെ എറണാകുളം വിജിലൻസ് സംഘം പിടികൂടിയത്. വകുപ്പിന്റെ സൽപേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജേർസനെ അന്വേഷണ വിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിതിരിക്കുകയാണ്.
വിദേശനിർമിത മദ്യശേഖരം
ജെർസന്റെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വീട്ടിൽ രണ്ടാമതും പരിശോധന നടത്തിയ വിജിലൻസ് സംഘം വീട്ടിൽ ഒളിപ്പിച്ച നിലയിൽ വീണ്ടും വിദേശ നിർമിത മദ്യ ശേഖരം കണ്ടെത്തി. രണ്ടചെറുസംഖ്യകളായി ചുരുട്ടി റബർ ബാൻഡിട്ട നിലയി നിലയിൽ 64,000 രൂപയും പരിശോധക സംഘത്തിന് ലഭിച്ചു.
ജേർസന്റെയും ഭാര്യയുടെയും പേരിൽ കടപത്രങ്ങളടക്കം 84 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി കേസിലും, ഇതര സാമ്പത്തിക തട്ടിപ്പു കേസിലും അഞ്ചോളം പരാതികൾ കിട്ടിയ സാഹചര്യത്തിൽ ഇയാളുടെ അനധികൃത സ്വത്തു വിവരങ്ങൾ സംബന്ധിച്ച പട്ടിക തയ്യാറാക്കുയാണ് വിജിലൻസ് അന്വേഷണ സംഘം.
സാമ്പത്തിക തട്ടിപ്പ് പരാതിയും
കൈക്കൂലി കേസിൽ റിമാൻഡിലായ ആർ.ടി.ഒ. ജെർസനും, ഭാര്യയും ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഇടപ്പള്ളി സ്വദേശി വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് വിജിലൻസ്. മോട്ടോർ വാഹന വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനായ ജേർസൺ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ ഇയാളുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇയാളുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ കണക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് ഐജിക്ക് വിജിലൻസ് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.