കി​ഴ​ക്ക​മ്പ​ലം-​നെ​ല്ലാ​ട്​ റോ​ഡ്

കിഴക്കമ്പലം-നെല്ലാട് റോഡിന് പണമുണ്ട്; പക്ഷേ നിർമിക്കുന്നില്ല

കിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡ് നിർമാണത്തിന് തുക അനുവദിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. കിഫ്ബി വഴി റോഡ് നിര്‍മാണത്തിന് 32.6 കോടി രൂപയാണ് 2018ല്‍ വകയിരുത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായ മനക്കക്കടവ്-പള്ളിക്കര, പട്ടിമറ്റം-പത്താംമൈല്‍ റോഡി‍െൻറ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂര്‍ത്തീകരിച്ചു. എന്നാല്‍, 10 കോടി രൂപയോളം മാത്രമാണ് കരാറുകാരന് നല്‍കിയിട്ടുള്ളത്. 22 കോടി രൂപ കിഴക്കമ്പലം-നെല്ലാട് റോഡ് ഉന്നത നിലവാരത്തില്‍ ടാറിങ് പൂര്‍ത്തീകരിക്കുന്നതിനായി ബാക്കിയുണ്ട്. ആ തുക ഉപയോഗിച്ച് ടാറിങ് നടത്താന്‍ പാടില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.

ഇക്കാര്യത്തില്‍ കുരുക്കഴിക്കാന്‍ ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയാതെ പോകുന്നു. പലഭാഗത്തും ആവശ്യത്തിന് വീതിയില്ലെന്ന സാങ്കേതിക തടസ്സമാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. എന്നാല്‍, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വാഴപ്പിള്ളി മുതല്‍ നെല്ലാട് വരെയുള്ള റോഡി‍െൻറ പലഭാഗത്തും വീതിയില്ലാത്ത സ്ഥിതിയുണ്ട്. ആ റോഡ് ഉന്നത നിലവാരത്തിലാണ് ടാറിങ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അതേനിലയില്‍തന്നെ നെല്ലാട് മുതല്‍ കിഴക്കമ്പലം വരെ ടാറിങ് പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കിഴക്കമ്പലം-നെല്ലാട് റോഡിന്റെ ശോച്യാവസ്ഥ പൊതുമരാമത്ത് മന്ത്രി നേരിൽകണ്ട് ബോധ്യപ്പെട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

റോഡ് നിര്‍മാണത്തിന് പാസാക്കിയ തുക പോലും സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ മുടങ്ങിക്കിടക്കുകയാണ്. ഈ കുരുക്ക് സര്‍ക്കാറിന്റെ അടിയന്തര ഇടപെടലുണ്ടെങ്കില്‍ മാത്രമേ അഴിക്കാന്‍ സാധിക്കുകയുള്ളൂ. റോഡ് നിര്‍മാണം അനന്തമായി നീളുന്നതോടെ ഏറെ പ്രതിസന്ധിയിലാകുന്നത് നാട്ടുകാരും വ്യാപാരികളുമാണ്.

Tags:    
News Summary - East Kambalam-Nellad Road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.