1. ഹാ​ഷിം അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്കൂ​ട്ട​ർ 2. ര​തീ​ഷ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക്​

ദേശീയപാതയിൽ ദുരന്തങ്ങൾ പതിവ്; 'അജ്ഞാത' വാഹനങ്ങൾ കണ്ടെത്താനാകാതെ പൊലീസ്

അങ്കമാലി: റോഡിലുടനീളം കാമറകളും സുരക്ഷാ ക്രമീകരണങ്ങളും ജാഗ്രത സേനകളുമുണ്ടായിട്ടും അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങൾ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. ദേശീയപാത അത്താണിയിൽ വെള്ളിയാഴ്ചയും അങ്കമാലി ടെൽക്കിന് സമീപം ശനിയാഴ്ചയും അജ്ഞാത വാഹനങ്ങൾ ഇടിച്ചാണ് അപകടങ്ങളുണ്ടായത്.

വെള്ളിയാഴ്ച രാത്രി അങ്കമാലി ബദ്രിയ്യ ഹോട്ടൽ ഉടമ മാഞ്ഞാലി സ്വദേശി എ.എ. ഹാഷിമും (52) ശനിയാഴ്ച കളമശ്ശേരി അപ്പോളോ ടയേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ തിരുവനന്തപുരം വാമനപുരം നെല്ലനാട് സ്വദേശി ആർ. രതീഷുമാണ് മരിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം കണ്ടെത്താനായിട്ടില്ല.

അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ടര വർഷത്തിനുള്ളിൽ ഇത്തരത്തിൽ 36ഓളം അപകടങ്ങളുണ്ടായിട്ടുണ്ട്. വിവിധ ഏജൻസികളുടെയടക്കം കാമറകൾ, ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മറ്റ് സുരക്ഷാ ഏജൻസികൾ അടക്കം ഉണ്ടായിട്ടും അപകടങ്ങൾക്ക് അറുതി വരുത്താനോ അജ്ഞാത വാഹനങ്ങൾ കണ്ടെത്താനോ സാധിക്കുന്നില്ല.

അപകടം നടന്നുകഴിയുമ്പോഴാണ് കാമറകൾ പണിമുടക്കിയിരിക്കുകയാണെന്ന കാര്യം അധികൃതർപോലും അറിയുന്നത്. ജീവൻ പൊലിയുന്നവരുടെ ആശ്രിതരുടെ രോദനത്തിന് ആശ്വാസമാകുന്ന ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കാതെ വർഷങ്ങളോളം കാത്തിരുന്ന് കേസ് തേഞ്ഞുമാഞ്ഞ് പോകുന്ന അവസ്ഥയാണുള്ളത്. ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും ദിനേന ഉണ്ടാകുന്ന അപകടങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളും റോഡ് നിർമാണ കരാറുകാരുമാണെന്നിരിക്കെ അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടെത്താനാവാതെ വന്നാൽ പൊലീസിൽനിന്നോ ബന്ധപ്പെട്ട ഏജൻസികളിൽനിന്നോ നഷ്ടപരിഹാരം ഈടാക്കി ഇരകളുടെ ആശ്രിതർക്ക് നൽകണമെന്നും വാദം ഉയരുന്നുണ്ട്. ഇതിനായി പലരും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - Disasters are frequent on the national highway; The police could not find the 'unknown' vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.