പോസ്റ്റ് ഓഫിസിൽ ബി.ജെ.പിയുടെ ആധാർ മേള; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

അങ്കമാലി: തപാൽ വകുപ്പും ബി.ജെ.പി സ്പോൺസേഡ് വേങ്ങൂർ ജനകീയ സമിതിയും സഹകരിച്ച് നടത്തിയ ആധാർ മേളക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ജനകീയ സമിതിയുടെ മറവിൽ ബി.ജെ.പി ജനപ്രതിനിധികളാണ് പരിപാടി സംഘടിപ്പിച്ചത്.

കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷാണ്. അതേസമയം, പൊതുപരിപാടിയെന്ന വ്യാജേന ഇടതുപക്ഷ ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ചാണ് മേള ആസൂത്രണം ചെയ്തതെന്ന് ആക്ഷേപമുയർന്നു. ബി.ജെ.പി പ്രാദേശിക പ്രവർത്തകരും നേതാക്കളുമാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.

തപാൽ വകുപ്പ് പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ സങ്കുചിതമായ വീക്ഷണത്തോടെ പാർട്ടി വേദിയാക്കി മാറ്റുന്ന നീക്കത്തിനെതിരെയാണ് ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖല കമ്മിറ്റി പ്രതിഷേധവുമായെത്തിയത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ബിബിൻ വർഗീസ് ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീലക്ഷ്മി ദിലീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സചിൻ ഐ.കുര്യാക്കോസ്, പ്രസിഡന്റ് റോജീസ് മുണ്ടപ്ലാക്കൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് നഗരസഭ കൗൺസിലർ ടി.വൈ. ഏല്യാസ്, ഡി.വൈ.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗം പി.എ. അനീഷ്, മഹിള അസോസിയേഷൻ മുനിസിപ്പൽ സെക്രട്ടറി വിനീത ദിലീപ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും മേഖല കമ്മിറ്റി അംഗം നവീൻ തോമസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - BJP's Aadhaar fair at post office; DYFI protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.