ആലങ്ങാട്: പഞ്ചായത്തിലെ റോഡ് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എൽ.എസ്.ജി.ഡി വിഭാഗം അസി. എൻജിനീയർ അമലു വി. ഗോപാലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കരാറുകാരനുമായി ചേര്‍ന്ന് അഴിമതി നടത്തി എന്ന പരാതിയില്‍ ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി. സി.പി.എം ആലങ്ങാട് നോർത്ത് ബ്രാഞ്ചിന്റെയും ചിറങ്ങര റെസിഡൻറ്സ് അസോസിയേഷന്റെയും പരാതികളിൽ നടന്ന അന്വേഷണത്തിലാണ് റോഡ് നിർമാണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
നാല് റോഡുകളുടെയും അളവ് എം. ബുക്കിൽ കൂടുതലായി രേഖപ്പെടുത്തി കരാറുകാരന് കൂടുതൽ പണം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ തുക കരാറുകാരനിൽനിന്ന് തിരിച്ചു പിടിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, അമലു വി. ഗോപാലിന്റെ മേൽനോട്ടത്തിൽ ഇ.വി. നിബിൻ എന്ന കരാറുകാരൻ പണിത റോഡുകൾ കോർ കട്ട് ചെയ്ത് ഗുണപരിശോധനയും, സാമഗ്രികളുടെ അളവുകളും പരിശോധിക്കണമെന്നും എക്സിക്യൂട്ടിവ് എൻജിനീയറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പരിശോധനകൂടി പൂർത്തിയാകുന്നതോടെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമെന്നാണ് പരാതിക്കാർ പറയുന്നത്. കരുമാല്ലൂർ പഞ്ചായത്തിലെ റിപ്പബ്ലിക് കനാൽ റോഡ് നിർമാണത്തിലെ അഴിമതി, ഇ-ടെൻഡർ തട്ടിപ്പ് ഉൾപ്പെടെ നിരവധി പരാതികളിൽ അമലു വി. ഗോപാലിനെതിരെ വിജിലൻസിൽ അന്വേഷണം നടക്കുകയാണ്. ഗെയിൽ ലിമിറ്റഡിന്റെ സഹായത്തിൽ നടത്തിയ കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.