ആലുവ നഗരസഭ ഉപതെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി കോൺഗ്രസും സി.പി.എമ്മും

ആലുവ: നഗരസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരത്തിനൊരുങ്ങി കോൺഗ്രസും സി.പി.എമ്മും. 22ാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ്. സി.പി.എമ്മിന് പ്രത്യേക നേട്ടമൊന്നും ഇല്ലെങ്കിലും കോൺഗ്രസിന് ഭരണം സുരക്ഷിതമാക്കാൻ വിജയം അനിവാര്യമാണ്. സിറ്റിങ് സീറ്റ് നിലനിർത്താനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്. സി.പി.എമ്മാകട്ടെ വാർഡ് പിടിച്ചെടുത്ത് കോൺഗ്രസ് ഭരണം ദുർബലപ്പെടുത്താനുള്ള ശ്രമത്തിലാണ്.

കോൺഗ്രസ് സ്ഥാനാർഥി സംബന്ധമായ നടപടികളിലേക്ക് കടന്നിട്ടില്ലെങ്കിലും സി.പി.എം സ്ഥാനാർഥി സംബന്ധിച്ച ആലോചനകൾ സജീവമാക്കിയിട്ടുണ്ട്. പുളിഞ്ചോട് ബ്രാഞ്ചിൽ നിന്നും ലഭിക്കുന്ന അഭിപ്രായം കൂടി പരിഗണിച്ച് ഏരിയ നേതൃത്വത്തി‍െൻറ അനുമതിയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ലോക്കൽ സെക്രട്ടറി പോൾ വർഗീസ് പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച കവിത കൃഷ്ണൻ വീണ്ടും സ്ഥാനാർഥിയാകുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി ജെബി മേത്തറുടെ കുടുംബ സ്വാധീനവും മറ്റുമാണ് പരാജയകാരണമെന്നാണ് ഒരു വിഭാഗത്തി‍െൻറ വിലയിരുത്തൽ. അക്കൂട്ടരാണ് കവിതയെ സ്ഥാനാർഥിയാക്കണമെന്ന് അഭിപ്രായപ്പെടുന്നത്. ഇക്കുറി ജെബി മേത്തർ മത്സരത്തിനില്ലാത്ത സാഹചര്യത്തിൽ കവിതയിലൂടെ സീറ്റ് തിരിച്ചുപിടിക്കാമെന്നും സി.പി.എം കരുതുന്നു.

2005ൽ ഇവിടെ സി.പി.എമ്മിലെ തോമസ് ജോസഫ് അക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി പി.കെ. മുകുന്ദനെ ഒരു വോട്ടിന് തോൽപ്പിച്ചിരുന്നു. അതിന് മുമ്പ് നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന എൽ.ഡി.എഫിലെ ജോസ് മാത്യുവും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2010ൽ 39 വോട്ടിനും 2015ൽ 148 വോട്ടിനും 2020ൽ 119 വോട്ടിനും ജെബി മേത്തറാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയെ സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല.

വാർഡിലെ വോട്ടർമാരെ ചേർക്കുന്ന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം പ്രസിഡൻറ് ലത്തീഫ് പൂഴിത്തറയും നഗരസഭ ചെയർമാൻ എം.ഒ. ജോണും പറഞ്ഞു. അടുത്ത ആഴ്ചയോടെ സ്ഥാനാർഥിയെ കുറിച്ച് ധാരണയാകും. 26 അംഗ കൗൺസിലിൽ ഭരണകക്ഷിയായ കോൺഗ്രസിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. ഇടതുപക്ഷത്തിന് ഏഴും ബി.ജെ.പിക്ക് നാലും കൗൺസിലർമാരുണ്ട്. കോൺഗ്രസിൽനിന്ന് കഴിഞ്ഞ കൗൺസിൽ കാലത്ത് പുറത്തായ കെ.വി. സരള സ്വതന്ത്ര കൗൺസിലറായും ഉണ്ട്. വൈസ് ചെയർപേഴ്‌സണായിരുന്ന ജെബി മേത്തർ എം.പിയായതിനെ തുടർന്ന് രാജിവെച്ചതോടെ കോൺഗ്രസി‍െൻറ അംഗബലം 13 ആയി ചുരുങ്ങി. അതിനാൽ തന്നെ പുളിഞ്ചോട് വാർഡ് നിലനിർത്തൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്.

Tags:    
News Summary - Aluva Municipal By-Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.