മരണപ്പെട്ടവർ, കുടിയേറിയവർ, ഇരട്ടിപ്പ് വന്നവർ തുടങ്ങിയവരെ ഒഴിവാക്കിയശേഷം അന്തിമ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുക
കൊച്ചി: നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിന്റെ ഭാഗമാകുന്നത് ജില്ലയിലെ 5252 കുടുംബങ്ങളും.
പ്രാരംഭ സർവേയിൽ കണ്ടെത്തിയ 5650 കുടുംബങ്ങളിൽ നിന്ന് മരണപ്പെട്ടവർ, കുടിയേറിയവർ, ഇരട്ടിപ്പ് വന്നവർ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷം അന്തിമ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുക. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ഓരോ കുടുംബത്തിനും ആവശ്യമായ സേവനങ്ങൾ ഉൾപ്പെടുത്തി ‘മൈക്രോപ്ലാൻ’ തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കിയത്.
‘ഭക്ഷണം’ എന്ന ഘടകം മുൻനിർത്തി ആവശ്യക്കാരായ 1926 കുടുംബങ്ങളെ അവരവരുടെ സാഹചര്യങ്ങൾ അനുസരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി വിശപ്പിൽ നിന്ന് മുക്തരാക്കിയിട്ടുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം, ആഹാരം പാകം ചെയ്യാൻ സാധിക്കാത്തവർക്ക് പാകം ചെയ്ത ഭക്ഷണം നൽകൽ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നിലവിൽ നടന്നുവരുന്നു. ഇതിനുപുറമേ അവശ്യ രേഖകൾ ഇല്ലാതിരുന്നവർക്ക് ആധാർ, റേഷൻ കാർഡ് തുടങ്ങിയ വിവിധ അവകാശ രേഖകളും കുട്ടികൾക്ക് പഠനോപകരണങ്ങൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബസുകളിൽ സൗജന്യ യാത്ര പാസ് എന്നിവയും നൽകി.
ആരോഗ്യ സേവനങ്ങൾ ആവശ്യമുണ്ടായിരുന്ന 2463 കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിവ നൽകി. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 267 കുടുംബങ്ങൾക്കും, ആരോഗ്യ സുരക്ഷ സാമഗ്രികൾ ആവശ്യമുള്ള 30 കുടുംബങ്ങൾക്കും സഹായമെത്തിച്ചു. അടിയന്തര ചികിത്സാസഹായം ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിന്റെ ശിപാർശയോടെ ധനസഹായവും ലഭ്യമാക്കി.
കൂടാതെ കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ എന്നിവ വഴി വരുമാന പ്രശ്നം നേരിട്ടിരുന്ന 218 കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കി. തൊഴിലെടുക്കാൻ സന്നദ്ധരായവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡും നൽകി.
ഭൂ-ഭവനരഹിതർ, ഭവന പുനരുദ്ധാരണം ആവശ്യമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പാർപ്പിട ആവശ്യങ്ങൾ നിറവേറ്റിയത്. 259 കുടുംബങ്ങൾക്ക് വീട് മാത്രവും, വസ്തുവും വീടും ആവശ്യമുള്ള 181ൽ 34 കുടുംബങ്ങൾക്ക് റവന്യൂ പുറമ്പോക്ക് ഭൂമി പട്ടയവും നൽകി. ബാക്കിയുള്ളവർക്ക് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മുഖാന്തരവും തദ്ദേശ സ്ഥാപനങ്ങൾ വഴിയും സ്വന്തമായും കണ്ടെത്തിയ ഭൂമിയിൽ 146 വീടുകളുടെ നിർമാണം പൂർത്തിയാക്കി.
ശേഷിക്കുന്ന 35 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വീട് നിർമാണം പൂർത്തിയാകാത്ത കുടുംബങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വാടക നൽകി പാർപ്പിച്ചുവരുന്നു. ഭവന പുനരുദ്ധാരണം ആവശ്യമുള്ള 358 കുടുംബങ്ങളുടെ വീടുകൾ അറ്റകുറ്റപ്പണികൾ തീർത്ത് വാസയോഗ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.