തൃക്കാക്കര നഗരസഭ 80 കെട്ടിടങ്ങളുടെ പെർമിറ്റ് ഫയലുകൾ ഓഡിറ്റിന് ലഭ്യമാക്കിയില്ലെന്ന് റിപ്പോർട്ട്

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ നിരവധി കെട്ടിടങ്ങളുടെ പെർമിറ്റ് ഫയലുകൾ ഓഡിറ്റിന് സമർപ്പിച്ചില്ലെന്ന് റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഇക്കാലയളവിൽ പെർമിറ്റ് നൽകിയ 80 കെട്ടിടങ്ങളുടെ ഫയലുകൾ ഓഡിറ്റിങ്ങിന് ലഭ്യമാക്കിയിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതിനു പുറമേ നിരവധി കെട്ടിടങ്ങൾക്ക് ആവശ്യമായ രേഖകളില്ലാതെയാണ് നഗരസഭ പെർമിറ്റ് നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്. ഇത്രയധികം ഫയലുകൾ ഓഡിറ്റിന് ലഭ്യമാക്കാത്ത സാഹചര്യത്തിൽ നഗരസഭ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നാഷനൽ ബിൽഡിങ്​ കോഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം 300 ച.മീറ്ററിനും 1000 ച. മീറ്ററിനും ഇടയിൽ വിസ്തീർണമുള്ള കെട്ടിടങ്ങളുടെ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ മതിയായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന പ്ലാൻ തയാറാക്കിയ എൻജിനീയറുടെ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതുണ്ട്. ഇത് ഇല്ലാതെയാണ് 23 പെർമിറ്റുകൾ അനുവദിച്ചതെന്നാണ് ഓഡിറ്റിങ്ങിലെ കണ്ടെത്തൽ. പെട്രോൾ പമ്പ് തുടങ്ങുന്നതിനായി അപേക്ഷ നൽകിയ കാക്കനാട് സ്വദേശിക്ക് കലക്ടറുടെ എൻ.ഒ.സി ഇല്ലാതെതന്നെ അനുമതി നൽകിയതിനെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങളിലും അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.