കൊച്ചി: ബ്രഹ്മപുരം ഡമ്പിങ് യാർഡിൽ പതിറ്റാണ്ടുകളായി അടിഞ്ഞുകൂടിയ മാലിന്യ കൂമ്പാരത്തിൽ 28 ശതമാനം ബയോ മൈനിങ് പൂർത്തിയായതായി തദ്ദേശ ഭരണവകുപ്പിന്‍റെ റിപ്പോർട്ട്. ഈ വർഷം ജനുവരി 15നാണ് കരാർ ഏറ്റെടുത്ത സോൺട ഇൻഫ്രാ ടെക് ലിമിറ്റഡ് കമ്പനി പ്രവൃത്തി തുടങ്ങുന്നത്. സാങ്കേതിക പ്ലാൻ അനുസരിച്ച് 18 മാസത്തിനകം ബയോ മൈനിങ് പൂർത്തിയാക്കണം. പത്തേക്കർ ഭൂമിയിലെ മാലിന്യങ്ങൾ നീക്കി ഭൂമി വീണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി 7.15 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി കമ്പനിക്ക് കൊച്ചി കോർപറേഷൻ നൽകിയിട്ടുണ്ട്. വൻകിട യന്ത്രങ്ങളും 65 തൊഴിലാളികളും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളും അവയിൽനിന്ന് കടമ്പ്രയാറിലേക്ക് ഒഴുകുന്ന മലിനജലവുമാണ് ബ്രഹ്മപുരത്തെ പ്രശ്നം. പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യങ്ങൾ വേർതിരിച്ചെടുത്ത് ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതാണ് ബയോ മൈനിങ്. ഖരമാലിന്യങ്ങൾ പുനചംക്രമണം നടത്തുകയോ വിൽക്കുകയോ ചെയ്യും. ഭൂമി വീണ്ടെടുത്ത് നിരപ്പാക്കി കൈമാറുകയാണ് കമ്പനിയുടെ ചുമതല. കോഴിക്കോട് എൻ.ഐ.ടി നടത്തിയ സർവേയിൽ 55.91 ക്യുബിക് മീറ്റർ മാലിന്യമാണ് 40.25 ഏക്കർ വരുന്ന പ്രദേശത്ത് കെട്ടിക്കിടക്കുന്നതായി കണക്കാക്കിയത്. മൊത്തം സ്ഥലം ഏഴ് സെക്ടറുകളായി തിരിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. ബയോ മൈനിങ്ങിലൂടെ ബ്രഹ്മപുരത്തെ 80 ശതമാനം ഭൂമിയും പൂർവ സ്ഥിതിയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിലെ 1,67,935 വീടുകളിലെ 1,50,730 വീടുകളിൽനിന്ന് ജൈവ അജൈവ മാലിന്യങ്ങൾ വാതിൽപടി സംഭരണം നടത്തുന്നുണ്ട്. ഇതുകൂടാതെ അഞ്ച് മുനിസിപ്പാലിറ്റികൾ, മൂന്ന് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നും മാലിന്യം സംഭരിക്കുന്നു. ആകെ 326 ടൺ മാലിന്യത്തിൽനിന്ന് 20 ടൺ വീടുകളിൽതന്നെ ബയോ കമ്പോസ്റ്റിങ് നടത്തുന്നുണ്ട്. ബാക്കി 306 ടണ്ണാണ് ദിനംപ്രതി ബ്രഹ്മപുരം ഡമ്പിങ് യാർഡിൽ തള്ളുന്നത്. ജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തെ വിൻഡ്രോ കമ്പോസ്റ്റിങ് പ്ലാന്‍റിൽ സംസ്കരിച്ച് വളമാക്കി മാറ്റുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ദിനംപ്രതി 250 ടൺ മാലിന്യ സംസ്കരണത്തിന് ശേഷിയുള്ളതാണ് നിലവിലെ പ്ലാന്‍റ്. അത് തകർച്ച നേരിടുകയാണെങ്കിലും മാലിന്യം കൈകാര്യം ചെയ്യുന്നത് ഇവിടെ തന്നെയാണ്. അതിൽ നിന്നുള്ള മലിനജലം 130 ക്യുബിക് മീറ്റർ ശേഷിയുള്ള ടാങ്കിൽ സംഭരിച്ച് സെപറ്റേജ് ട്രീറ്റ്മെന്റ് പ്ലാന്‍റിലേക്ക് കൊണ്ടുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.