കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​ന്‍റെ ഹോ​ളി ആ​ഘോ​ഷ​ത്തി​ന് വ​ര​വ​റി​യി​ച്ച് ചെ​റ​ളാ​യി​ൽ പ്ര​തി​ഷ്ഠി​ച്ച ബോ​ധ​ന രൂ​പം

ഇനി ഹോളി ആഘോഷ നാളുകൾ; കൊങ്കണി സമൂഹത്തിന്‍റെ ഹോളി ആഘോഷത്തിന് വരവറിയിച്ച് ബോധന രൂപം സ്ഥാപിച്ചു

മട്ടാഞ്ചേരി: കൊങ്കണി സമുദായത്തിന്‍റെ ഹോളി (മഞ്ഞക്കുളി) ആഘോഷങ്ങളുടെ വരവറിയിച്ച് ഫോർട്ട് കൊച്ചി അമരാവതി, മട്ടാഞ്ചേരി ചെറളായി എന്നിവിടങ്ങളിൽ വഴിയോരത്തെ കൂറ്റൻ ആൽമരങ്ങളിൽ ബോധന രൂപങ്ങൾ സ്ഥാപിച്ചു. പാരമ്പര്യ സ്മൃതികളുമായി കാമദേവ സങ്കൽപത്തിൽ വൈക്കോൽ കൊണ്ട് നിർമിച്ച ഒമ്പതടി ഉയരമുള്ള മനുഷ്യരൂപമായ ബോധനെ തെരുവിഥീകളിലുടെ എഴുന്നള്ളിച്ചത് പാരമ്പര്യ വാദ്യങ്ങളായ തപ്പും ചെണ്ടയും ഒറ്റകുറു ചെണ്ടയുമായാണ്. ദേശം കാണിക്കൽ എന്ന ഈ ചടങ്ങിനുശേഷം ബോധനെ ആൽമരത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

മാർച്ച് മൂന്നിനാണ് ഹോളി. അന്ന് രാത്രി ഹോളിക ദഹനം നടക്കും. എട്ടിനാണ് മഞ്ഞക്കുളി ആഘോഷം. അതുവരെ ബോധൻ ആൽമരത്തിൽ നിലകൊള്ളും. ഗോവൻ കൊങ്കണി സമൂഹത്തിന്റെ വേറിട്ട ആഘോഷമാണ് ഹോളിയും ബോധനും കാമദഹനവും മഞ്ഞക്കുളിയുമെല്ലാം. ഗോവയിൽ നിന്നെത്തിയ സമൂഹത്തിന്‍റെ സാമൂഹിക ആഘോഷത്തിന്‍റെ തനത് രൂപമാണ് ഇതെന്ന് പഴമക്കാർ പറയുന്നു.

ഗോവയിൽ നിന്ന് കൊച്ചിയിലെത്തിയ ആഘോഷത്തിന് നൂറ്റാണ്ടിന്‍റെ പഴമയുണ്ട്. മഞ്ഞക്കുളി ദിനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള സമുദായംഗങ്ങൾ ഒത്തുകൂടി പരസ്പരം നിറങ്ങൾ എറിഞ്ഞും ചായം പൂശിയും വാദ്യമേളങ്ങളോടെ ബോധനെ ആൽമരത്തിൽ നിന്ന് കെട്ടഴിച്ച് ഇറക്കി എഴുന്നള്ളിച്ച് അഗ്നിക്കിരയാക്കും. കുട്ടികളും ,മുതിർന്നവരുമെല്ലാം അഗ്നിക്ക് ചുറ്റും ആനന്ദനൃത്തമാടും. തുടർന്നാണ് മഞ്ഞക്കുളി.

വേനൽ വരവറിയിച്ചുള്ള ഉഷ്ണത്തെ ചെറുക്കാനുള്ള പ്രതിരോധ ആഘോഷമാണിത്. ചെറളായി, അമരാവതി പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള വീഥികളിൽ വീടുകൾക്ക് മുന്നിലൊരുക്കിയ മഞ്ഞൾ മിശ്രിത വെള്ളം കൂട്ടമായെത്തുന്ന പുരുഷാരവ സംഘത്തിന് മേൽതളിച്ച് നടക്കുന്ന കുളിയാണ് മഞ്ഞക്കുളി. ഇതോടെ കൊങ്കണി സമുദായത്തിന്‍റെ സാമൂഹിക ഹോളിയാഘോഷം സമാപിക്കും.

Tags:    
News Summary - Holi Celebrations Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.