നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: അഞ്ജലി റീമ ദേവിനെ ചോദ്യം ചെയ്തു

കൊച്ചി: ഫോർട്ട്​കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റീമ ദേവിനെ പൊലീസ് ചോദ്യം ചെയ്തു. കേസിൽ അഞ്ജലിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന്‍റെ തുടർനടപടികളുടെ ഭാഗമായി എറണാകുളം പോക്സോ കോടതിയിൽ എത്തിയതിനുശേഷമാണ് അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായത്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. കോഴിക്കോട്ടെ വസതിയിൽ നോട്ടീസും പതിച്ചിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ 11ഓടെ എറണാകുളത്ത് കോടതിയിൽ അഞ്ജലി എത്തിയത്. ഈ സമയം ഒന്നാം പ്രതി റോയ് വയലാറ്റ്, രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധി പൂർത്തിയാതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘവും എത്തിയിരുന്നു. അപ്പോഴാണ് അഞ്ജലി ഹാജരായെന്ന വിവരം അന്വേഷണസംഘം അറിഞ്ഞത്. ഇതിന് പിന്നാലെ അഞ്ജലിക്ക് നേരിട്ട് നോട്ടീസ്​ നൽകുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് റോയ് വയലാറ്റ്​ അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയിയും സൈജുവും പ്രതികളാണ്. ആരോപണങ്ങൾ അഞ്ജലി നിഷേധിച്ചെന്നാണ് വിവരം. ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ച അവരെ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.