വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭ

കൊച്ചി: യായിരുന്നു മലയാളത്തിലെ തിരക്കഥാകൃത്ത് ജോൺ പോൾ. '80കളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരിൽ പ്രധാനി. സംവിധായകന്‍ ഭരതനുമായി ചേര്‍ന്ന​തോടെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. വെള്ളിത്തിരയില്‍ അത് നവോന്മേഷം വിതറി. മുഖ്യധാരാ സിനിമയെ പൊതുവില്‍ ഭാവുകത്വപരമായി പരിഷ്കരിക്കുന്നതില്‍ ആ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വാണിജ്യ-സമാന്തര സിനിമകളിൽ സമന്വയിപ്പിച്ച് നിരവധി ചിത്രങ്ങൾ ജോൺ പോൾ ഒരുക്കി. തോറ്റവരുടെ കഥ പറയുന്ന സിനിമകളെക്കുറിച്ച് ഒരു സുഹൃദ്​​സദസ്സിൽ ഒരുപെൺകുട്ടി ക്ഷോഭത്തോടെ വിമർശിച്ചു. ജീവിതത്തിൽ തോറ്റുപോയവരുടെ കഥ മാത്രമേ പറയാനുള്ളോ എന്നായിരുന്നു ചോദ്യം. അതിന് അദ്ദേഹം പറഞ്ഞ മറുപടി, ഈ ലോകത്തിൽ പലയിടത്തും പരാജയപ്പെട്ട അനുഭവമാണുള്ളത്. അതുകൊണ്ട് തോറ്റുപോയവരുടെ മനസ്സ്​ പെട്ടെന്ന് മനസ്സിലാകും. അതിന്‍റെ സത്യസാക്ഷ്യം വരച്ചിടുക എളുപ്പമാണ്. ആ എഴുത്ത് വേദനിപ്പിക്കാനല്ല. മനുഷ്യാവസ്ഥയുടെ സത്യസന്ധമായ ഭാവാവിഷ്കാരാണ്. അത് സാധ്യമാണ് എന്നായിരുന്നു. മനുഷ്യാവസ്ഥയിലെ വേദനിക്കുന്ന, ഭാവാന്തരങ്ങളിലൂടെ സുഖദുഃഖങ്ങൾക്കപ്പുറത്തെ മനസ്സിന്‍റെ കാണാക്കയങ്ങളിലേക്കാണ് അദ്ദേഹം കഥകൾ തേടി സഞ്ചരിച്ചത്. ആഴങ്ങളിൽനിന്ന് മുത്തുകൾ കണ്ടെത്തി. വികാരങ്ങളുടെ ജലക്കയങ്ങളിലേക്ക് അസ്വാദകരെ നയിച്ചു. ചിലപ്പോൾ ചിന്തകളുടെ പർവതശിഖരങ്ങളിലേക്കും സഞ്ചരിച്ചു. സ്വപ്നങ്ങളിൽ അത്രയും എത്തിപ്പെടാത്ത ജീവിതതീരങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ തിരക്കഥകൾ. പ്രതീക്ഷയുടെയും മോഹത്തിന്‍റെയും ശകലങ്ങളായി അവ കഥകളിൽ കടന്നുവരുകയും ചെയ്തു. വിജയിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടമെങ്കിലും തോൽവികളെയായിരുന്നു ജോൺ പോളിന് വിശ്വാസം. അതെല്ലാം അദ്ദേഹം തുറന്നെഴുതി. ചലച്ചിത്രകാരൻ, നിർമാതാവ്, മാധ്യമപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ഈ മേഖലകളിലെ വിദ്യാർഥികൾക്ക് തന്‍റെ വലിയ അനുഭവസമ്പത്ത് പങ്കുവെക്കാൻ ഒരിക്കലും മടി കാണിച്ചിട്ടുമില്ല. 'ഞാൻ, ഞാൻ മാത്രം' ചിത്രം മുതൽ കമൽ സംവിധാനം ചെയ്‌ത 'പ്രണയമീനുകളുടെ കടൽ' വരെ നീളുന്നതായിരുന്നു അദ്ദേഹത്തിന്‍റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമകൾ. നൂറിലധികം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയെഴുതി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സിനിമമേഖലയില്‍ സജീവമല്ലാതിരുന്ന ജോണ്‍ പോള്‍ ലക്ഷദ്വീപ് അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലൂടെ സജീവമാകാനൊരുങ്ങുകയായിരുന്നു. മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച ജനപ്രിയ സിനിമകളുടെ രചയിതാവാണ്​ വിടപറഞ്ഞത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.