നെല്ലിക്കുഴിയിലെ ഭൂമി കൊള്ളക്കെതിരെ യു.ഡി.എഫ് സമരം

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതിയുടെ ഭൂമി കൊള്ളക്കെതിരെ യു.ഡി.എഫ് സമരം. ഇരമല്ലൂർ വില്ലേജിൽ ഉൾപ്പെടുന്ന മേതല പാഴൂർമോളം കോട്ടച്ചിറ പ്രദേശത്ത് ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ 5.90 ഏക്കർ വ്യവസായ യൂനിറ്റുകൾക്ക് കൈമാറിയതിലാണ്​ പ്രതിഷേധം. ഭൂമി ഭവനരഹിതരായ ആളുകൾക്ക് വിതരണം ചെയ്യാതെ 34 ഏക്കറാണ് മുതലാളിമാർക്ക് വ്യവസായ യൂനിറ്റുകൾ ആരംഭിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി പെർമിറ്റ് നൽകിയിരിക്കുന്നത്. തോട്ടം മേഖലയായ ഈ പ്രദേശം വ്യവസായ മേഖലയാക്കി മാറ്റുന്നതോടെ ജൈവ ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും കനത്ത ആഘാതമേൽപിക്കും. ഈ ഭൂമി തരം മാറ്റത്തിലൂടെ കോടികളുടെ അഴിമതിയാണ് ലക്ഷ്യമിടുന്നത്. വർഷങ്ങളായി സ്ഥലവും വീടിനും വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്ന ഭൂരഹിതരെ വഞ്ചിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിലും പഞ്ചായത്ത് സെക്രട്ടറി കമ്മിറ്റിയിൽ മനഃപൂർവം ഹാജരാകാതിരുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു. സർക്കാർ ഭൂമി കുത്തകകൾക്ക് വിട്ടുകൊടുക്കുന്ന നടപടിയിൽനിന്ന് പഞ്ചായത്ത് ഭരണ സമിതി പിൻമാറുന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന സമരം യൂത്ത് ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ കരിം മുളവൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ അലി പടിഞ്ഞാറേച്ചാലി അധ്യക്ഷത വഹിച്ചു. എം.വി. റെജി, പഞ്ചായത്ത് അംഗങ്ങളായ നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്, ഷഹന ഷെരീഫ്, യു.ഡി.എഫ് നേതാക്കളായ കെ.എം. ആസാദ്, പി.എം. സക്കരിയ, പരീത് പട്ടമ്മാവുടി, മുഹമ്മദ് കൊളത്താപ്പിള്ളി, ഷെമീർ പാറപ്പാട്ട്, അജീബ് ഇരമല്ലൂർ, കെ.എം. കുഞ്ഞുബാവ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.