കൊച്ചി: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ പ്രതികൾ അടുത്ത ബന്ധുക്കളുടെ പേരിൽ വസ്തുക്കൾ വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തണമെന്ന് ഹൈകോടതി. ബന്ധുക്കളുടെ പങ്ക് വ്യക്തമായാൽ അവർക്കെതിരെയും കേസ് എടുക്കണമെന്നും ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിട്ടു. ക്രമക്കേട് നടത്തിയവർ ബന്ധുക്കളുടെ പേരിലും സ്വത്ത് വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പ്രതികളും ബന്ധുക്കളും വാങ്ങിയ ഏക്കറുകണക്കിന് ഭൂമി ജപ്തി ചെയ്യാൻ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചതായി സ്പെഷൽ ഗവ. പ്ലീഡർ പി.പി. താജുദ്ദീൻ ബോധിപ്പിച്ചു. ഒന്നാം പ്രതിയും ബാങ്കിന്റെ തഴക്കര ബ്രാഞ്ച് മാനേജറുമായ ജ്യോതി മധുവിന്റെയും ബന്ധുക്കളുടെയും പേരിൽ 18 ഏക്കർ ഭൂമി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ മുൻ പ്രസിഡന്റിനെയും ബന്ധുക്കളുടെയും പേരിൽ 111 അക്കൗണ്ടുകൾ കണ്ടെത്തി. ബ്രാഞ്ച് മാനേജറുടെ അക്കൗണ്ടിൽ 1.97 കോടിയും കണ്ടെത്തി. അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. മുൻ ഭരണ സമിതി അംഗങ്ങളെയും ബാങ്കിന് സോഫ്റ്റ് വെയർ നൽകിയ വ്യക്തിയെയും പ്രതിചേർത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 2020ൽ തന്നെ കേസ് രജിസ്റ്റർ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറിയിച്ചു. ഇ.ഡിക്ക് വിവരങ്ങൾ കൈമാറാൻ സഹകരണ വകുപ്പിനും ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി. വ്യാജരേഖകൾ ചമച്ച് 20 കോടിയോളം രൂപ തഴക്കര ബ്രാഞ്ചിൽനിന്ന് അപഹരിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ബ്രാഞ്ച് മാനേജറായിരുന്ന ജ്യോതി മധു, ജീവനക്കാരായ ബിന്ദു ജി. നായർ, കുട്ടിസീമ ശിവ എന്നിവരും മുൻ ഭരണ സമിതി അംഗങ്ങളും പ്രസിഡന്‍റുമടക്കം 17 പേരെയാണ് പൊലീസ് പ്രതി ചേർത്തത്. ബാങ്കിലെ കമ്പ്യൂട്ടർ ശൃംഖലയിൽ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. സ്ഥിരം നിക്ഷേപം തിരികെ കിട്ടാതെ വന്നതിനെത്തുടർന്ന് നിക്ഷേപകർ ഹൈകോടതിയെ സമീപിച്ചിരുന്നു. നിക്ഷേപം തിരികെ നൽകാൻ കോടതി നിർദേശിച്ചു. കോടതി നിർദേശത്തിനെതിരെ ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി ഉത്തരവ് ശരിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.