വ്യവസായ മേഖലയിൽനിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവം: കമ്പനി ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

ആലുവ: എടയാർ വ്യവസായ മേഖലയിൽനിന്ന് ബുധനാഴ്ച രാത്രി സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയും സ്ഥാപന ഉടമയുമായ കലൂർ അശോക റോഡിൽ നടുവിലമുള്ളത്ത് വീട്ടിൽ എൻ.വി. കുര്യൻ (65), തൃപ്പൂണിത്തുറ പുതിയകാവിൽ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക്കകത്ത് വീട്ടിൽ ബൈജു (50), ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരാണ് പിടിയിലായത്. കളമശ്ശേരിയിൽ ദോസ്ത് വാഹനത്തിൽ കടത്തിയ 40 കന്നാസ് സ്പിരിറ്റുമായി ബൈജുവിനെയും സാമിനെയും ബുധനാഴ്ച രാത്രി പിടികൂടി. ഇവരിൽനിന്ന്​ ലഭിച്ച വിവരമനുസരിച്ചാണ്​ എടയാർ വ്യവസായ മേഖലയിലെ പെയിന്‍റ്​ നിർമാണ കമ്പനിയുടെ ഭൂഗർഭ അറയിൽനിന്ന്​ 203 കന്നാസിലായി 8500 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. വ്യാജമദ്യ നിർമാണത്തിന്​ ശേഖരിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. എറണാകുളം അസിസ്റ്റന്‍റ്​ എക്സൈസ് കമീഷണർ ബി. ടെനിമോൻ നടത്തിയ തുടരന്വേഷണത്തിലാണ്​ സ്ഥാപന ഉടമ അറസ്റ്റിലായത്​. കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് അസിസ്റ്റന്‍റ്​ കമീഷണർ അറിയിച്ചു. സർക്കിൾ ഇൻസ്​പെക്ടർ പി. ജുനൈദ്, നാർകോട്ടിക് എൻഫോഴ്സ്​​മെന്‍റ്​ സ്ക്വാഡ് സി.ഐ പി.ഇ. ഷൈബു, കമീഷണർ സ്ക്വാഡ് ഇൻസ്​പെക്ടർ അശ്വിൻ കുമാർ, ആലുവ റേഞ്ച് ഇൻസ്​പെക്ടർ ആർ. അജിരാജ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.