പൈപ്പ് പൊട്ടല്‍ മൂന്നാംതവണ; കുടിവെള്ളം പാഴാകുന്നു

മരട്: നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത്​ സെന്ററിനു സമീപം പി.ഡബ്ല്യു.ഡി തീരദേശ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവ്​ സംഭവമാകുന്നു. വൈദ്യുതി കേബിള്‍ വലിക്കുന്ന ജോലിക്കിടെ പൈപ്പ് പൊട്ടുന്നത് ഇത് മൂന്നാം തവണയാണ്. ഇതുമൂലം ലിറ്റര്‍ കണക്കിന് വെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. പൈപ്പ് ശരിയാക്കുന്ന ജോലികള്‍ ഇന്നലെ തുടങ്ങിയെങ്കിലും ഫലംകണ്ടില്ല. മൂന്നുദിവസമായി 25ാം ഡിവിഷനിലെ കുടുംബങ്ങൾ കുടിവെള്ളമില്ലാത്തതിനാല്‍ ദുരിതത്തിലാണ്. അടിയന്തരമായി മുനിസിപ്പാലിറ്റി ഇടപെട്ട് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം 29ാം ഡിവിഷനില്‍ പൈപ്പ് പൊട്ടിയതിനാൽ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ലഭിച്ചത് കലക്കവെള്ളമായിരുന്നു. വീടുകളിലെ ടാങ്കുകള്‍ ചളിവെള്ളം നിറഞ്ഞതിനാല്‍ വൃത്തിയാക്കേണ്ട സാഹചര്യമാണുള്ളത്. നിരവധി കുടുംബങ്ങള്‍ കൂടിവെള്ളം കിട്ടാതെ വലയുന്ന ഈ സാഹചര്യത്തില്‍ അധികൃതര്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.