അമേരിക്കൻ പൗരനിൽനിന്ന് ഏഴു കോടി രൂപ തട്ടിയതായി പരാതി

കാക്കനാട്: ഐ.ടി കമ്പനി തുടങ്ങാമെന്ന് വാഗ്ദാനം നൽകി വിദേശ പൗരനെ കബളിപ്പിച്ച് ഏഴു കോടി തട്ടിയതായി പരാതി. അമേരിക്കൻ സ്വദേശിയായ കിം ഹുൻ തിൻഗുയിൻ ആണ് പരാതിയുമായി ഇൻഫോപാർക്ക് പൊലീസിനെ സമീപിച്ചത്. ഇൻഫോപാർക്കിലെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന അനിത മനോജ് (ഷംല അബൂബക്കർ), ശരത് ബാബു, അനുമോൾ ഷാജി എന്നിവർക്കെതിരെയാണ് പരാതി. ബഹുരാഷ്ട്ര കമ്പനിയുടെ ബാക്ക് ഓഫിസ് തുടങ്ങാമെന്ന് പറഞ്ഞ് കിമ്മിന്‍റെ ഭർത്താവ് ഫിൽ ഡുവോങ്ങിൽനിന്ന് ഏഴ് കോടിയോളം രൂപ കൈപ്പറ്റിയെന്നും എന്നാൽ, പിന്നീട് ഫില്ലിനെ ഒഴിവാക്കി കമ്പനി സ്വന്തം പേരിലാക്കിയെന്നുമാണ് പരാതി. എറണാകുളം സ്വദേശിനി ജിയാ മത്തായി വഴിയാണ് ഇവർ പരാതി നൽകിയത്. ഡിസൈനിങ്​, ആർക്കിടെക്ചർ മേഖലയിൽ രണ്ടര പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ഫില്ലിന്‍റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. 2019 മേയ് 20 മുതൽ 2022 ജനുവരി മൂന്ന് വരെ 34 തവണകളിലായി 8,96,865 യു.എസ് ഡോളർ (68457139.47 ഇന്ത്യൻ രൂപ) കൈമാറിയതിന്‍റെ രേഖകളും അനിത, ശരത്, കമ്പനിയിലെ മറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുമായി നടന്ന വാട്സ്ആപ്പ്, ഇമെയിൽ വഴി നടന്ന ആശയവിനിമയങ്ങളുടെ പകർപ്പും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. പരാതിയിൽ വഞ്ചന കുറ്റത്തിന് കേസെടുത്ത ഇൻഫോ പാർക്ക് പൊലീസ് തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. കമ്പനിക്ക് വേണ്ടി ഫ്രീലാൻസ് ജോലികൾ ചെയ്തിരുന്ന പരിചയം അനിതക്ക് ഫില്ലുമായി ഉണ്ടായിരുന്നു. അതിനിടെ കമ്പനിയുടെ വിയറ്റ്നാമിലുള്ള ബാക്ക് ഓഫിസ് ഇന്ത്യയിൽ തുടങ്ങിയാൽ ഉണ്ടാകാവുന്ന സാമ്പത്തിക നേട്ടം ഉൾപ്പെടെ ചൂണ്ടിക്കാട്ടി അനിതയും സുഹൃത്തായ ശരത്തും ഇ - മെയിൽ വഴി ഫില്ലിനെ ബന്ധപ്പെടുകയായിരുന്നു. ഫിൽ ഇതിന് സമ്മതം അറിയിക്കുകയും 2019ൽ ഇൻഫോ പാർക്കിൽ കമ്പനി ആരംഭിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥാപനം ആരംഭിക്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി തങ്ങളുടെ പേരിൽ തുടങ്ങിയശേഷം പിന്നീട് ഫില്ലിന്‍റെ പേരിലേക്ക് മാറ്റാമെന്നും തങ്ങൾ ജീവനക്കാരായി തുടരുമെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അജ്ഞാത ഇ-മെയിൽ ലഭിച്ചതോടെ ഫിൽ നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി വ്യക്തമായത്. അതിനിടെ കമ്പനിയിൽനിന്ന് രാജിവെച്ചവരുടെ പേരിൽ പിന്നീടും ശമ്പളത്തിന്‍റെ പേരിൽ പണം തട്ടിയെടുത്തെന്നും പരാതിയിൽ ഉണ്ട്. ഇത്തരത്തിൽ രാജി വെച്ച ആര്യ എന്നയാളുടെ ഒഴിവിൽ എച്ച്.ആർ എക്സിക്യൂട്ടിവ് ആയിട്ടായിരുന്നു അനുമോൾ ജോലിക്ക് കയറിയത്. എന്നാൽ, ഇക്കാര്യം ഫില്ലിനെ അറിയിച്ചിരുന്നില്ലെന്നും ആര്യ എന്ന പോലെയാണ് ഇവർ പെരുമാറിയിരുന്നതെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.