ഗർഭാവസ്ഥയിൽ ശിശു മരിച്ചു; ഡോക്ടർക്കെതിരെ പരാതി

ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ഗർഭാവസ്ഥയിൽ ശിശു മരിച്ചതിനെത്തുടർന്ന്​ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതി. ​പൊലീസ് ഉദ്യോഗസ്ഥൻ ആലപ്പുഴ ഡിവൈ.എസ്.പിക്ക്​ നൽകിയ പരാതിയെത്തുടർന്ന്​ സൗത്ത്​ ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ്​ കേസിനാസ്​പദമായ സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ തൃശൂർ പത്മാലയത്തിൽ ഗോപാലിന്‍റെ ഭാര്യ കഞ്ഞിപ്പാടം ചെറുശ്ശേരിയിൽ ദേവികയുടെ ഗർഭസ്ഥശിശുവിന്​ അനക്കമില്ലെന്ന സംശയത്തിൽ ഡോക്ടറെ ഫോണിൽ വിളിച്ചശേഷമാണ്​ ആശുപത്രിയിലെത്തിയത്​. ഒ.പി ഡോക്ടർ ഗൈനക്കോളജി ഡോക്ടറുമായി ഫോണിൽ സംസാരിച്ചശേഷം കുട്ടിക്ക് അനക്കമുണ്ടെന്നും തിങ്കളാഴ്ച പരിശോധനക്ക്​ വരാനും നിർദേശിച്ചു. തുടർന്ന്​ സ്കാനിങ്​ നടത്തിയപ്പോഴാണ്​ കുഞ്ഞ്​ മരിച്ചിട്ട് 72 മണിക്കൂർ കഴിഞ്ഞെന്ന്​ ബോധ്യമായത്​. ഇതിനിടയിൽ ഒ.പി ടിക്കറ്റിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഹൃദയമിടിപ്പ് ഇല്ലെന്ന് ഒ.പി ഡോക്ടർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി. ആശുപത്രി സൂപ്രണ്ടിന് ബുധനാഴ്ച നൽകിയ പരാതിയിലാണ് കുട്ടിയെ പുറത്തെടുക്കുന്നതിന്​ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്​. ഈ സാഹചര്യത്തിൽ കുട്ടിയെ പുറത്തെടുത്ത് പോസ്​റ്റ്​മോർട്ടം നടത്തേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.