ഓൺലൈൻ തട്ടിപ്പ്​; പണം തിരികെയെടുത്തു നൽകി സൈബർ പൊലീസ്

കാലടി: ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായ കാലടി സ്വദേശിനി വീട്ടമ്മക്ക്​ നഷ്ടമായ 17,000 രൂപ തിരികെയെടുത്തു നൽകി സൈബർ പൊലീസ്. കഴിഞ്ഞ ദിവസം വീട്ടമ്മ ഓൺലൈൻ സൈറ്റ് വഴി 790 രൂപ നൽകി ബംഗളൂരുവിലേക്ക് ട്രെയിൻ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതുകൊണ്ട് ടിക്കറ്റ് കാൻസൽ ചെയ്തു. പണം തിരികെ അക്കൗണ്ടിൽ വരാത്തതിനാൽ ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ നോക്കി ആദ്യം കിട്ടിയ നമ്പറിൽ വിളിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ നമ്പർ ആയിരുന്നു അത്. ഒരു സ്ത്രീയാണ് മറുതലക്കൽ ഫോണെടുത്തത്. മാന്യമായ രീതിയിൽ സംസാരിച്ച സ്ത്രീ പണം തിരികെ അയക്കാൻ എ.ടി.എം കാർഡിന്‍റെ ഇരുവശവും സ്കാൻ ചെയ്ത് അയക്കാൻ പറഞ്ഞു. വീട്ടമ്മ ഉടൻ അയക്കുകയും ചെയ്തു. അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ 17,000 രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പുസംഘം കൊണ്ടുപോയി. തുടർന്ന് വീട്ടമ്മ ജില്ല പൊലീസ് മേധാവി കെ. കാർത്തികിന് പരാതി നൽകി. സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്​കരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം പ്രമുഖ രണ്ട് ഓൺലൈൻ വാലറ്റുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉടൻ ഇടപാട് മരവിപ്പിക്കുകയും കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.