മുല്ലപ്പെരിയാറിലേക്ക് തമിഴ്നാട് ബോട്ടിൽ ഉല്ലാസയാത്ര; നടപടിയുമായി പൊലീസ്​

ഇടുക്കി: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച്​ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് തമിഴ്നാട് ബോട്ടിൽ നാലംഗ സംഘത്തിന്‍റെ ഉല്ലാസയാത്ര. സംഭവത്തെ തുടർന്ന് അണക്കെട്ടിലേക്ക് പോകുന്നവരെ കർശനമായി പരിശോധിക്കാൻ വനം വകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് അണക്കെട്ടിലേക്ക് നാലംഗ സംഘം ഉല്ലാസയാത്ര പോയത്. കേരളത്തിലെ രണ്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥർ, ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനും മകനും എന്നിവരാണ്​ തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളെല്ലാം സംഘം ചുറ്റിക്കണ്ടു. മുല്ലപ്പെരിയാറിൽ ഔദ്യോഗിക ആവശ്യത്തിന് തമിഴ്നാട് ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാനാണ് തേക്കടിയിൽ രണ്ട് ബോട്ടുള്ളത്. ഇതിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എൻജിനീയർക്കൊപ്പമാണ് നാലംഗസംഘം അണക്കെട്ടിലെത്തിയത്. സുരക്ഷാകാരണങ്ങളുടെ പേരിൽ അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പിക്ക്​ അണക്കെട്ടിൽ പ്രവേശിക്കാൻ കേരള പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച അണക്കെട്ട് സന്ദർശിച്ചവർക്ക് അണക്കെട്ട് മുഴുവൻ ചുറ്റിനടന്നു കാണാൻ കേരള പൊലീസ് ഒത്താശ ചെയ്തതാണ് ഇപ്പോൾ വിവാദമായത്​. ഇതിനിടെ, ഉല്ലാസയാത്ര വിവാദമായതോടെ അണക്കെട്ടിലെത്തിയവർക്കെതിരെ പൊലീസ് കേസെടുക്കാൻ നടപടി തുടങ്ങിയതായാണ് വിവരം. അനധികൃതമായി വനമേഖലയിൽ പ്രവേശിച്ചതിന് വനം വകുപ്പും കേസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.