പുറ്റിങ്ങൽ വെടിക്കെട്ടപകടം: സ്പെഷൽ കോടതി പരവൂരിൽ വേണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കണം -​ഹൈകോടതി

കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന സ്പെഷൽ കോടതി പരവൂർ നഗരസഭ പരിധിയിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി. ഇതുസംബന്ധിച്ച്​ പരവൂർ ബാർ അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ച്​ ഒരുമാസത്തിനകം തീർപ്പാക്കാൻ ജസ്റ്റിസ്​ എൻ. നഗരേഷ്​ ആഭ്യന്തര സെക്രട്ടറിക്ക്​ നിർദേശം നൽകി. കൊല്ലം കോർപറേഷൻ പരിധിയിൽ​ കോടതി സ്ഥാപിക്കുന്നത്​ കക്ഷികൾക്ക്​ ബുദ്ധിമുട്ടാകുമെന്ന്​ ചൂണ്ടിക്കാട്ടി പരവൂർ ബാർ അസോസിയേഷൻ പ്രസി‍ഡന്റ് ബി. ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടപകടത്തിൽ 111 പേർ മരിക്കുകയും 400 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിന്റെ സ്വഭാവവും സാക്ഷികളുടെ എണ്ണവും തെളിവുകളുടെ ബാഹുല്യവും കണക്കിലെടുത്ത്​ സ്പെഷൽ കോടതി സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും ഇത്​ പരവൂർ നഗരപരിധിയിൽ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നു. കൊല്ലം നഗരപരിധിയിൽ സ്ഥാപിക്കുന്നത്​ സൗകര്യപ്രദമല്ലെന്നും പരിക്കേറ്റവരും സാക്ഷികളും ഉൾപ്പെടെയുള്ളവർ കേസിന്റെ ആവശ്യത്തിനായി ഏറെദൂരം യാത്രചെയ്യേണ്ടി വരുമെന്നുമാണ്​ ഹരജിയിൽ ആരോപിച്ചിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.