ദീപു വധം: പ്രതികളുടെ ജാമ്യഹരജി തൃശൂർ സെഷൻസ് കോടതിക്ക്​ വിട്ടു

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യഹരജി തൃശൂർ സെഷൻസ്​ കോടതിയുടെ പരിഗണനക്ക്​ വിട്ട്​ ഹൈകോടതി. എറണാകുളം പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ജാമ്യഹരജിയിൽ ന്യായമായ വിചാരണ നടക്കില്ലെന്നും കോടതി മാറ്റണമെന്നുമാവശ്യപ്പെട്ട് ദീപുവിന്‍റെ പിതാവ് കുഞ്ഞാറു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്‍റെ ഉത്തരവ്​. ഹരജിക്കാരന്റെ ആശങ്ക അകറ്റുന്നതിനൊപ്പം എറണാകുളം പ്രിൻസിപ്പൽ ജഡ്‌ജിക്കെതിരെ ആരോപണങ്ങളുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ കൂടിയാണ്​ കോടതിമാറ്റം അനുവദിക്കുന്നതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതിമാറ്റം ഒരുകക്ഷിയെയും ദോഷകരമായി ബാധിക്കില്ലെന്നും നിരീക്ഷിച്ചു. ഫെബ്രുവരി 12ന് സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിനിരയായ ദീപു 18ന് ആശുപത്രിയിലാണ് മരിച്ചത്. അറസ്റ്റിലായ സി.പി.എം കാവുങ്ങൽപറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൽറഹ്മാൻ, പാറാട്ട്​ വീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ് എന്നിവരുടെ ജാമ്യഹരജിയാണ് പരിഗണനയിലുള്ളത്. എന്നാൽ, പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയാണെന്നും സി.പി.എം പ്രവർത്തകർ പ്രതികളായ കൊലപാതക കേസ് രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിമാറ്റം ആവശ്യപ്പെട്ട്​ പിതാവ്​ ഹരജി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.