സാലറി റിക്കവറിക്ക്​ സ്വകാര്യ ബാങ്ക്​; പൊലീസിൽ ​പ്രതിഷേധ വാട്​സ്​ആപ്​ കാമ്പയിൻ​

ആലപ്പുഴ: ശമ്പളത്തിൽനിന്ന്​ വായ്പ അടക്കം തിരിച്ചടവ്​ പിരിക്കാൻ സ്വകാര്യബാങ്കിനെ ഏൽപിച്ച ഡി.ജി.പിയുടെ ഉത്തരവിനെതിരെ കാമ്പയിന്​ തുടക്കമിട്ട്​ പൊലീസ് വാട്​സ്​ ആപ്​ ഗ്രൂപ്​. റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സ്വകാര്യ ബാങ്കിന്​ നൽകാൻ ഡി.ജി.പിയാണ്​ അടുത്തനാളിൽ ഉത്തരവിട്ടത്​. പൊലീസ്​ വെൽഫെയർ ഫണ്ട്​, മെസ്​ അലവൻസ്​, കൂടാതെ ജില്ലതല പൊലീസ്​ സഹകരണസംഘം, പൊലീസ്​ ഹൗസിങ്​ സൊസൈറ്റി എന്നിവിടങ്ങളിലെ വായ്പ തിരിച്ചടവുകൾ തുടങ്ങിയവ ഇനി എച്ച്​.ഡി.എഫ്​.സി ബാങ്കിലേക്ക്​ മാറ്റാനാണ്​ നിർദേശം. പൊലീസ്​ അസോസിയേഷൻ പിരിവും ഇതേ അക്കൗണ്ടിലൂടെ ശേഖരിച്ച്​ നൽകും. ഇതി​ലേക്ക്​ ​ ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും ബാങ്കിന്​ നൽകാനാണ്​ നിർദേശം​. മൊബൈൽ ഫോണിൽ ലഭിക്കുന്ന ലിങ്ക്​ വഴിയാണ്​ സ്വകാര്യവിവരങ്ങൾ കൈമാറേണ്ടത്​. എന്നാൽ, എച്ച്​.ഡി.എഫ്​.സി ബാങ്ക്​ കരാർ നൽകിയ ഡൽഹി സഫ്​ദർജങ്​ ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ്​ സ്വകാര്യവിവരങ്ങൾ അടക്കം പോകുന്നത്​. ​ഓരോ ഉദ്യോഗസ്ഥന്‍റെയും രഹസ്യബാർ കോഡ്​ സഹിതമാണ്​ ലിങ്കിൽ അപ്​ലോഡ്​ ചെയ്യേണ്ടത്​. പാസ്​വേഡ്​ ഒരിക്കലും കൈമാറരുതെന്ന്​ നിരന്തരം പരസ്യം ചെയ്യുന്ന പൊലീസാണ്​ അവരുടെ വിവരങ്ങൾ സ്വകാര്യകമ്പനിക്ക്​ നൽകേണ്ടിവരുന്നത്​. അധികൃതർ പിന്മാറുന്ന ലക്ഷണമില്ലെന്ന്​ കണ്ടതോടെയാണ്​ ഒരുവിഭാഗം പൊലീസുകാർ വാട്​സ്​ആപ്​ കാമ്പയിന്​ തുടക്കമിട്ടത്​. സംഘടനാ പിരിവ്​ നിലവിലെ സ്പാർക്ക്​ സംവിധാനത്തിൽ നിയമവിധേയമല്ലെന്ന നിലക്കാണ്​ സഹകരണ സംഘങ്ങളുടെ വായ്പ കൂടി സ്പാർക്കിൽനിന്ന്​ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കാൻ കാരണമെന്നാണ്​ ആരോപണം. ​അസോസിയേഷൻ പിരിവ്​ ഡിപ്പാർട്മെന്‍റ്​ നേരിട്ട്​ ശമ്പളത്തിൽനിന്ന്​ പിടിച്ചുനൽകുന്നതിലെ അനൗചിത്യവും പൊലീസുകാർക്കിടയിൽ സജീവ ചർച്ചയാണ്. ഇടത്​ അനുകൂല സംഘടനാനേതൃത്വം സർക്കാറിൽ സ്വാധീനം ചെലുത്തിയാണ്​ അസോസിയേഷന്‍റെ പിരിവുകൾ ശമ്പളത്തിൽനിന്നാക്കിയത്​.​ സംഘടനാനേതൃത്വം അടിച്ചേൽപിക്കുന്ന നിർബന്ധിത പിരിവാണെന്ന ആക്ഷേപവുമുണ്ട്​. സംഘടനാഫണ്ട്​ വകുപ്പ്​ ​നേരിട്ട്​ പിരിച്ചുനൽകുന്നത്​ പൊലീസിൽ മാത്രമാണ്​. മറ്റ്​ വകുപ്പുകളിലൊക്കെ ജീവനക്കാരെ നേരിട്ട്​ സമീപിച്ച്​ വേണം പണം പിരിക്കാൻ. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.