കുടിവെള്ള ക്ഷാമം: ജല അതോറിറ്റി അധികൃതർ പരിശോധന നടത്തി

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ കുടിവെള്ള പ്രശ്നം രൂക്ഷമായ തെങ്ങോട് (എട്ടാം വാർഡ്), കളത്തിക്കുഴി (പത്താം വാർഡ്) മേഖലകളിൽ ജല അതോറിറ്റി അധികൃതർ നേരിട്ടെത്തി പരിശോധന നടത്തി. കൗൺസിലർമാർ നിരന്തരം പരാതികളുമായി എത്തുന്ന സാഹചര്യത്തിലാണ് നടപടി. കൗൺസിലർമാരായ അനിത ജയചന്ദ്രൻ, സമിത സണ്ണി എന്നിവരോടൊപ്പമായിരുന്നു അതോറിറ്റിയുടെ തൃക്കാക്കര സബ് സെക്​ഷൻ അസി. എൻജിനീയർ ഒ.പി മിനി, ഓവർസിയറായ ബാലു എന്നിവർ എത്തിയത്. അധികൃതരെ കണ്ടതോടെ മാസങ്ങളായി കുടിവെള്ള ക്ഷാമത്തിൽ വലയുന്ന നാട്ടുകാർ ഇവരെ പൊതിയുകയായിരുന്നു. തെങ്ങോടിലെ എ.കെ.ജി റോഡ്, വായനശാല ഇടച്ചിറ റോഡ് എന്നിവിടങ്ങളിലും കളത്തിക്കുഴിയിലെ ഇ.എം.എസ് റോഡിലുമാണ് കുടിവെള്ള പ്രശ്നം രൂക്ഷം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൗൺസിലർമാരുടെ ഒപ്പമെത്തിയ അതോറിറ്റി അധികൃതരെ വളഞ്ഞ നാട്ടുകാർ രൂക്ഷമായ കുടിവെള്ള പ്രശ്നത്തെക്കുറിച്ച് പരാതികൾ ഉന്നയിക്കുകയും എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുടിവെള്ള ലൈനിൽ എന്തെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്നും നാട്ടുകാർക്ക് ഉറപ്പുനൽകിയ ശേഷമാണ് അസി. എൻജിനീയർ അടക്കമുള്ളവർ മടങ്ങിയത്. നിലവിൽ നാലു ദിവസം കൂടുമ്പോഴാണ് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ വെള്ളം. വെള്ളം പമ്പ് ചെയ്യുന്നതിന് ആവശ്യമായ ശക്തിയില്ലാതെ വന്നതോടെ കുടിവെള്ളം എത്താത്ത സാഹചര്യമാണുള്ളത്. ഈ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് കാക്കനാടിന് സമീപം ഒലിമുകളിലെ വാട്ടർടാങ്കിൽ നിന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.