യുദ്ധഭൂമിയിൽനിന്നും നാട്ടിലെത്തിയ ഐശ്വര്യ കാത്തിരിക്കുകയാണ് ടെസയെ

യുദ്ധഭൂമിയിൽനിന്നും നാട്ടിലെത്തിയ ഐശ്വര്യ കാത്തിരിക്കുകയാണ് 'ടെസയെ' പള്ളുരുത്തി: യുദ്ധഭൂമിയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയെങ്കിലും ത‍ൻെറ കൂടെ ഡൽഹി വരെ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് ഒരുമിച്ച് യാത്ര ചെയ്ത പ്രിയ വളർത്തുനായ്​ ടെസയുടെ വരവും കാത്ത് നിമിഷങ്ങൾ എണ്ണി കഴിയുകയാണ് മുണ്ടംവേലി കടവി പറമ്പിൽ അമൃത് തോമസ്-ഷിബിലറ്റ് ദമ്പതികളുടെ മകൾ ഐശ്വര്യ സിൽവി. യുക്രെയ്​നിലെ ബോംങ്കോം മോളോക്സ് യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ വിദ്യാർഥിയായ ഐശ്വര്യ പഠനത്തിനിടെ ഒപ്പം കൂട്ടിയതാണ് നായ്​ക്കുട്ടി ടെസയെ. ദിവസങ്ങളോളം ടെസയുമായി കൂട്ടുകാർക്കൊപ്പം കീവിലെ ബങ്കറിൽ പേടിച്ചു കഴിഞ്ഞു. എംബസിയുടെ സഹായമൊന്നും കീവിൽ ലഭിച്ചില്ലെങ്കിലും അതിർത്തി കടക്കാൻ തീരുമാനിച്ചു. ഡ്രസുകൾ പരമാവധി കുറച്ച് ബാഗിനകത്ത് ടെസക്ക് സൗകര്യമൊരുക്കി അതിർത്തി കടന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ ഡൽഹിയിലെത്തി. ഡൽഹിയിൽ കേരള ഹൗസിൽ നായെ കയറ്റാൻ കഴിയില്ലെന്ന നിലപാട് അധികൃതർ എടുത്തപ്പോൾ ആകെ അസ്വസ്ഥയായി. പിന്നീട് തുടർ യാത്രക്ക് നായ്​ക്ക് വെറ്ററിനറി സർട്ടിഫിക്കറ്റ് എടുക്കാനുള്ള ഓട്ടമായി. ഈ സമയം പിതാവ് അമൃത് തോമസ് ഹൈബി ഈഡ‍ൻെറ ഡൽഹിയിലെ പേഴ്സനൽ സ്റ്റാഫ് ആൽബിനുമായി ബന്ധപ്പെട്ടതോടെ സഹായം ലഭിച്ചിരുന്നു. ഒരുമിച്ചെത്തിയ മൂന്ന്​ പേർക്ക് നായ്​ക്കളുണ്ടായിരുന്നു . ഇതിനിടെ ശാരീരികമായുള്ള ക്ഷീണം മൂലം അവശയായ ഐശ്വര്യയെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കൾ വിമാനം കയറ്റി നാട്ടിലേക്ക് വിടുകയും നായെ ട്രെയ്​നിൽ എത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. കലൂർ സ്വദേശിയായ സുഹൃത്ത് അരവിന്ദൻ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരുടെ നായ്​ക്കൾക്കൊപ്പം ടെസയെ കൊണ്ടുവരാമെന്ന് ഏൽക്കുകയായിരുന്നു. തിങ്കളാഴ്ച ടെസ രാജധാനി ട്രെയിനിലെത്തും. ചിത്രം. ഐശ്വര്യയും ടെസയും . 2. ഐശ്വര്യയുടെ ബാഗിനുള്ളിൽ സുരക്ഷിതയായി ടെസ എന്ന നായ്​ക്കുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.