മറൈൻ ഡ്രൈവിനെ ജനസാഗരമാക്കി സി.പി.എം സമ്മേളനത്തിന്​ സമാപനം

കൊച്ചി: പ്രകടനത്തിനും സമ്മേളനത്തിൽ പ​ങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അണികളുടെ അണമുറിയാത്ത ആവേശത്തിന്​ മുന്നിൽ ചരിത്രം തീർത്ത്​ സി.പി.എം സംസ്ഥാന സമ്മേളനം. എറണാകുളം മറൈൻ ഡ്രൈവ്​ മൈതാനിയിൽ തീർത്ത സമ്മേളന നഗരിയായ ചുവപ്പുകോട്ട നിറഞ്ഞ്​ ജനം നിൽക്കാൻ ഇടംകിട്ടാതെ റോഡരികുകളിൽ കാത്തുനിന്ന്​ സമാപന സമ്മേളനത്തിന്​ സാക്ഷ്യം വഹിച്ചു. സമ്മേളനം തുടങ്ങി പകുതി പിന്നിടുമ്പോഴും വാഹനങ്ങളിൽ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. മാർച്ച്​ ഒന്നുമുതൽ നാലുദിനവും സമ്മേളന നഗരിയിലേക്ക്​ ആയിരക്കണക്കിന്​ പ്രവർത്തകരാണ്​ പ്രവഹിച്ചത്​. പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ നേതാക്കൾ പ്രതിനിധി സമ്മേളന ഹാളിൽനിന്ന്​ വെള്ളിയാഴ്ച ഉച്ചക്കുശേഷം പുറത്തിറങ്ങുംമുമ്പേ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞു. 1500 പേർക്ക്​ ഇരിക്കാനുള്ള സൗകര്യമാണ്​ ഒരുക്കിയതെങ്കിലും നൂറുകണക്കിന്​ സ്ത്രീകൾ അടക്കം നിന്നുകൊണ്ട്​ സമാപന സമ്മേളനം വീക്ഷിച്ചു. ജില്ലയിൽ 3000ത്തിലേറെ പാർട്ടി ബ്രാഞ്ച്​ ഘടകങ്ങളിൽ സമ്മേളനം തത്സമയം കാണാനും സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. വികസനരേഖ അവതരിപ്പിച്ചതിലൂടെ എറണാകുളം സമ്മേളനം ചരിത്രത്തിലെ പ്രധാനപ്പെട്ട ചുവടുവെപ്പായി മാറിയെന്ന്​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു​. ഇനിയും ജനത്തിനിടയിൽ പാർട്ടി സ്വാധീനം വർധിപ്പിക്കണം. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും പാർട്ടിയായി സി.പി.എമ്മിനെ മാറ്റണം. ആ ലക്ഷ്യത്തിലേക്ക്​ വിവിധ പദ്ധതികൾ സമ്മേളനം തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.