ചുവപ്പുകോട്ടയായി മറൈൻ ഡ്രൈവ്​; സി.പി.എം സമ്മേളനലഹരിയിൽ എറണാകുളം

കൊച്ചി: അനേകം മഹാസമ്മേളനങ്ങൾക്ക്​ സാക്ഷ്യംവഹിച്ച മറൈൻ ഡ്രൈവിനെ അക്ഷരാർഥത്തിൽ ചുവപ്പുകോട്ടയാക്കി മാറ്റി സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ലഹരിയിലേക്ക്​ എറണാകുളം. നഗരത്തിന്‍റെ മുക്കുംമൂലയും ചുവപ്പണിഞ്ഞു. കൊടിതോരണങ്ങളും കവാടങ്ങളും അലങ്കാര വിളക്കുകളും ഒരുക്കി 37 വർഷത്തിനുശേഷം എത്തിയ സമ്മേളനത്തെ വരവേൽക്കാൻ സന്നാഹങ്ങളെല്ലാം ഉറപ്പിച്ചുകഴിഞ്ഞു പാർട്ടിപ്രവർത്തകർ. മറൈൻ ഡ്രൈവിൽ പല ഭാഗങ്ങളിലായി 30,000 അടിയുള്ള പടുകൂറ്റൻ പന്തലാണ്​ പൂർത്തിയായത്​. മാർച്ച്​ ഒന്നുമുതൽ നാലുവരെ സമ്മേളന നാളുകളിൽ പാർട്ടി ഓഫിസും നേതാക്കളുടെ വിശ്രമസ്ഥലവും വരെ ഈ പന്തലുകളിലാണ് സജ്ജീകരിച്ചത്​​. മാർക്സ്​, ഏംഗൽസ്​, ലെനിൻ, സ്റ്റാലിൻ, പി. കൃഷ്ണപിള്ള, ഇ.എം.എസ്​, എ.കെ.ജി, നായനാർ എന്നിവരുടെ 60 ചതുരശ്രയടി വലുപ്പമുള്ള ചിത്രങ്ങൾ​ സമ്മേളന നഗരിയിൽ സ്ഥാപിച്ചു​. പ്രതിനിധി സമ്മേളനം നടക്കുന്ന ബി. രാഘവൻ നഗർതന്നെ 18,000 ചതുരശ്രയടി വരും. പൊതുസമ്മേളനം ഓപൺ സ്​റ്റേജായ ഇ. ബാലാനന്ദൻ നഗറിലാണ്​. സെമിനാർ, കലാപരിപാടികൾ എന്നിവ മറൈൻഡ്രൈവ്​ ഹെലിപാഡിലെ 12,000 അടിയുള്ള അഭിമന്യു നഗറിലും​. 600 പേർക്ക്​ ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും ഒരുങ്ങി. കയ്യൂർ, കൂത്തുപറമ്പ്​, വാഗൺ ട്രാജഡി, പാലിയം സത്യഗ്രഹം തുടങ്ങിയ സമരങ്ങളുടെ ചിത്രങ്ങൾ സമ്മേളന നഗരിയിലെ ചുവരിൽ പതിച്ചിട്ടുണ്ട്​. ജില്ലയിലെ മുഴുവൻ ബ്രാഞ്ച്​ കേന്ദ്രത്തിലും രക്തസാക്ഷികളുടെയും മൺമറഞ്ഞ പ്രാദേശിക പ്രവർത്തകരുടെയും ഉൾപ്പെടെ 12,343 പേരുടെ ഓർമക്ക്​ പ്രചാരണ ഗേറ്റുകൾ, കമാനങ്ങൾ, സ്തൂപങ്ങൾ, സ്മൃതി മണ്ഡപങ്ങൾ എന്നിവയും തയാറായി​. പൊതുസമ്മേളനത്തിന്​ 1500 പേർ​ നേരിട്ടും അഞ്ചുലക്ഷം പേരെ​ വെർച്വലായും പ​ങ്കെടുപ്പിക്കുകയാണ്​​ ലക്ഷ്യം. എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ച്​ കേന്ദ്രങ്ങളിൽ ഇതിന്​ സ്വാഗതസംഘം ഓഫിസുകൾ തുറന്ന്​ സംവിധാനം ഒരുക്കി. ചരിത്രമുറങ്ങുന്ന തോപ്പുംപടി, ബി.ഒ.ടി, ഹാർബർ പാലങ്ങൾ ഞായറാഴ്ച രാത്രിയോടെ ദീപാലംകൃതമായി. ചരിത്രപ്രദർശനം നടക്കുന്ന അഭിമന്യു നഗറിൽ എ.കെ.ജിയുടെ പൂർണകായ ശിൽപം സ്ഥാപിച്ചിട്ടുണ്ട്​. ശിൽപി പ്രേം പി. ലക്ഷ്മണനാണ് 10 അടി ഉയരമുള്ള പൂർണകായ ഫൈബർ ഗ്ലാസ് ശിൽപം ഒരുക്കിയത്. സന്തോഷ് മാനസം, പ്രണവ് കുന്നരു, ഷിനു പാടിച്ചാൽ, കലേഷ് കവ്വായി, നവീൻ കാരാട്ട് എന്നിവരായിരുന്നു നിർമാണ സഹായികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.